29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം
കല്‍പ്പറ്റ: പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ജില്ലയിലെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
സര്‍ക്കാര്‍ മുന്‍പ് നിശ്ചയിച്ച സമയ പരിധി മെയ് 31 ആയിരുന്നു. വാര്‍ഷിക പദ്ധതി അംഗീകരിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ ജൂണ്‍ 15 വരെ നീട്ടി നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, മൂന്നു നഗരസഭകള്‍, നാല് ബ്ലോക്ക്, 21 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. മുഴുവന്‍ ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികള്‍ ബന്ധപ്പെട്ട സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയില്‍ 9011 പ്രൊജക്ടുകളാണ് ഉള്ളത്. ഉല്‍പ്പാദന മേഖലയില്‍ 9,524 ലക്ഷം, സേവന മേഖലയില്‍ 26,078 ലക്ഷം, പശ്ചാത്തല മേഖലയില്‍ 21,300 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
ആകെ 56903 ലക്ഷം രൂപയുടെ പദ്ധതികളാണുള്ളത്. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിവിധ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി നാലുദിവസം തുടര്‍ച്ചയായി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എ.ഡി.എം കെ.എം രാജു, സബ്കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫിസര്‍ സുഭന്ദ്രാനായര്‍, ജില്ലാതല വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."