റമദാന്‍ വിശുദ്ധിയുടേതാണ് സമൃദ്ധിയുടേതും
വിശുദ്ധ റമദാനാണല്ലൊ വ്രതമാസം എന്നറിയപ്പെടുന്നത്. ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങളാണ് റമദാന്‍. അതോടൊപ്പം ഈ മാസത്തിന് മറ്റുചില മേന്മകള്‍ കൂടിയുണ്ട്. റമദാന്‍ വരവില്‍ സന്തോഷം വരുന്നത് പാരത്രിക ചിന്തകൊണ്ട് മാത്രമല്ല. മറ്റു ചില കാരണങ്ങളാലും വിശുദ്ധമാസത്തിന്റെ വരവില്‍ മനുഷ്യ മനസുകള്‍ സന്തോഷിക്കുന്നു. നോമ്പുകാരനു തന്നെ സന്തോഷിക്കാന്‍ രണ്ടവസരമുണ്ടെന്നാണല്ലൊ പ്രവാചകാധ്യാപനം. ഒന്ന് പരലോകത്താണെങ്കില്‍ മറ്റൊന്ന് നോമ്പുതുറ വേളയിലാണ്. ഇഫ്താര്‍ വേളയിലുണ്ടാവുന്ന സന്തോഷവും ആക്ഷേപാര്‍ഹമല്ല എന്നു സാരം. ഭൂമിയില്‍ വംശ വര്‍ധനവ് കാരണം പട്ടിണിയുണ്ടാവില്ലെന്നാണ് ഖുര്‍ആനിക വശം. ഭൂമിയിലെ ജീവജാലങ്ങള്‍ക്കെല്ലാം സൃഷ്ടാവ് തന്നെ ഭക്ഷണവുമൊരുക്കിയിട്ടുണ്ട് എന്ന് വിശുദ്ധ ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. മനുഷ്യേതര ജീവജാലങ്ങള്‍ ആ വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്നു. എണ്ണപ്പെരുപ്പം കൊണ്ട് ഭക്ഷ്യക്ഷാമത്താല്‍ ജന്തു ലോകത്ത് കൂട്ടമരണം സംഭവിച്ചതായി നാം കേട്ടിട്ടില്ല. എന്നാല്‍ പട്ടിണിമരണം മനുഷ്യ വര്‍ഗ്ഗത്തില്‍ സര്‍വസാധാരണമാണു താനും. പ്രകൃതി വിഭവങ്ങള്‍ ജീവജാലങ്ങളൊന്നും വിഹിതം വെക്കാറില്ല. അവരവരുടെ ആവശ്യത്തിന് അതുപയോഗിക്കാറുണ്ടെന്ന് മാത്രം. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. അവന്‍ പ്രകൃതി വിഭവങ്ങള്‍ സ്വന്തമായി ഉപയോഗിക്കുക മാത്രമല്ല അധീനപ്പെടുത്തുകയും ചെയ്യുന്നു. അധീനതയിലാക്കാനുള്ള മനുഷ്യന്റെ ആര്‍ത്തിയാണ് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ വിഹിതം വെക്കുന്നതിലുള്ള അശ്രദ്ധയാണ് ദാരിദ്ര്യത്തിന്റെ അടിസ്ഥാനം. മനുഷ്യന്‍ മനസുവച്ചാല്‍ ദാരിദ്ര്യമകറ്റാന്‍ കഴിയും. അതിനാവശ്യമുള്ളത് അപരന്റെ പ്രയാസങ്ങള്‍ അറിയുന്ന ഒരു മനസാണ്.
ഇസ്‌ലാമിലെ നോമ്പ് മനുഷ്യന് പകരുന്നത് ഈ തിരിച്ചറിവാണ്. വിശപ്പിന്റെ വിലയറിയുമ്പോഴാണ് വിഷക്കുന്നവനെ സഹായിക്കാന്‍ മനസുണ്ടാവുന്നത്. നോമ്പുകാലം അപരനെ സഹായിക്കാന്‍ വിശ്വാസികള്‍ക്ക് ഏറെ താല്‍പര്യം ജനിക്കുന്ന കാലയളവു കൂടിയാണ്. അതുകൊണ്ട് തന്നെ അടുക്കള പുകയാത്ത വീടുകള്‍ ഇക്കാലത്ത് അത്യപൂര്‍വമായിരിക്കും. നോമ്പു നോല്‍ക്കാന്‍ പ്രായമാവാത്ത കുഞ്ഞു കുട്ടികളുള്‍പ്പടെ നല്ല ഭക്ഷണം ലഭിക്കുന്നതിലുള്ള സന്തോഷത്തിലാണ്. ഓരോ വൈകുന്നേരങ്ങളിലും എന്നും നോമ്പായിരുന്നെങ്കില്‍ എന്ന് അവര്‍ പറയാതെ പറയുന്നത് പോലെ. പണിയെടുത്തില്ലെങ്കിലും പട്ടിണിയാവില്ലെന്ന തിരിച്ചറിവ് പള്ളികള്‍ സജീവമാക്കാനും കാരണമായി തീരുന്നു. മഹല്ലുതലങ്ങളില്‍ ഒന്ന് പരിശോധിച്ചാല്‍ അമ്പരപ്പുണ്ടാവുംവിധമാണ് റിലീഫുകള്‍ നടക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ അതുല്യമായ സഹായ ഹസ്തങ്ങളാണ് ഗ്രാമന്തരങ്ങളില്‍ ഉയര്‍ന്ന് വരുന്നത്. പാവപ്പെട്ടവനെ തേടി പണക്കാരന്റെ സഹായം എത്തുന്നതോടെ പട്ടിണി പടി കടക്കുന്ന വിധം സാമൂഹ്യഘടന രൂപപ്പെടുത്തിയത് ഇസ്‌ലാമിലെ നോമ്പുകാലമാണ്. ഈ ഒരു നവോഥാനം സാധ്യമാക്കാന്‍ ദൈവിക സരണിക്കേ സാധിക്കൂ. ചുരുക്കത്തില്‍ 11 മാസവും പട്ടിണിയുടെ കാഠിന്യമനുഭവിച്ചവനും വിശുദ്ധ റമദാന്‍ സമൃദ്ധിയുടെ മാസമാണ്. ആത്മീയാനുഭൂതിയോടൊപ്പം അതുമനുഷ്യ മനസിനു സന്തോഷവും പകരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."