ഓഫിസ് വളപ്പിലെ മരം കടപുഴകി വീണ് കാര്‍ തകര്‍ന്നു; കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊട്ടാരക്കര: കൊട്ടാരക്കര പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് വളപ്പിലെ കൂറ്റന്‍ വാകമരം കടപുഴകി കാറിന് മുകളില്‍ വീണു കാര്‍ തകര്‍ന്നു. ചുവട്ടില്‍ നിറുത്തിയിട്ടിരുന്ന ഇന്നോവ കാര്‍ ഭാഗികമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
റസ്റ്റ് ഹൗസ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന റൂറല്‍ എസ്.പി ഓഫിസില്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി നല്കുവാന് എത്തിയ സ്ത്രീകളടങ്ങിയ ബാഗ്ലൂര് സംഘത്തിന്റെ കാറിന്റെ മുകളിലേക്കാണ് മരം വീണത്. സംഘത്തിലെ കുറച്ചു പേര് എസ്.പിയെ കാണുവാന്‍ പോയ സമയത്ത് രണ്ട് സത്രീകള്‍ കാറില്‍ വിശ്രമിക്കുമ്പോഴാണ് മരം കടപുഴകി വീഴുന്നത്. ഈ സമയം കാറിന് മുന്നില്‍ നിന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മരം വീണ് കാര്‍ തകര്‍ന്നതോടെ നാട്ടുകാരും പൊലിസും ചേര്‍ന്നാണ് കാറില്‍ നിന്നും സ്ത്രീകളെ രക്ഷപ്പെടുത്തിയത്. കൊട്ടാരക്കര അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.
മരം കാറിനുമുകളില്‍ വീണതോടെ റസ്റ്റ് ഹൗസിലേക്കും എസ്.പി.ഓഫിസിലേക്കുമുള്ള വാഹന ഗതാഗതം കുറച്ചു സമയം മുടങ്ങി. റസ്റ്റ് ഹൗസ് വളപ്പില്‍ കാലപ്പഴക്കം ചെന്ന നിരവധി മരങ്ങള്‍ ഉണ്ട്. ഇതില്‍ പാഴ്മരങ്ങളാണ് അധികവും. ചുവടു ദ്രവിച്ച് 35 അടിയോളം നീളമുള്ള മരമാണ് ഇന്നലെ റോഡിലേക്ക് കടപുഴകി വീണത്. സമീപത്തുകൂടി ഇലക്ട്രിക് കമ്പി കടന്നുപോകുന്നതിനാല്‍ അതില്‍ തട്ടിയാണ് മരം റോഡിലേക്ക് വീഴാതെ നിന്നത്. റോഡില്‍ വീണിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നു. കാലപ്പഴക്കം ചെന്ന മരങ്ങള്‍ യഥാസമയം മുറിച്ചു മാറ്റുന്നതിന് അധികൃതര്‍ നടപടി എടുക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."