പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്നത് നേരത്തേയുള്ള ആവശ്യം
കൊട്ടാരക്കര: പുതിയ അധ്യാന വര്‍ഷം ആരംഭിച്ചതോടെ ബസ് സ്റ്റാന്‍ഡുകളില്‍ സാമൂഹ്യ വിരുദ്ധ ശല്യവും തുടങ്ങി. കൊട്ടാരക്കര കെ.എസ്.ആര്.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിന് അറുതിയില്ല. രണ്ടിടങ്ങളിലും പൊലിസിനെ നിയോഗിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉള്ളതാണ്. റൂറല്‍ പൊലിസ് മേധാവിയുടെ ആസ്ഥാനം കൊട്ടാരക്കര ആയിട്ടുപോലും സാമൂഹ്യവിരുദ്ധ ശല്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മധ്യവേനല്‍ അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം അധ്യായനം ആരംഭിച്ചതോടെ സാമൂഹ്യ വിരുദ്ധര്‍ രാവിലെയും വൈകിട്ടും ബസ് സ്റ്റാന്‍ഡുകളില്‍ തമ്പടിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരക്കാരുടെ ശല്യം യാത്രക്കാരേയും,വിദ്യാര്‍ഥികളേയും , രക്ഷാകര്‍ത്താക്കളേയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഇരു സ്റ്റാന്‍ഡുകളിലും കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ എത്തുന്നത്. ഇത് ലാക്കാക്കി സാമൂഹ്യവിരുദ്ധര്‍ ടൈംടേബിള്‍ പോലെ ഇവിടെ തമ്പ് അടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ബസ് സ്റ്റാന്‍ഡുകളില്‍ ഒന്നാണ് കൊട്ടാരക്കരയിലെ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ്. നൂറു കണക്കിന് ആളുകള്‍ വന്നുപോകുന്ന ഇവിടം മോഷ്ടാക്കാളുടെയും, കുറ്റവാളികളുടേയും ലഹരി വില്‍പ്പനക്കാരുടേയും താവളമാണ്.
പൊലിസ് എയ്ഡ് പോസ്റ്റ് ഇവിടെ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും ആവശ്യം ചെവിക്കൊള്ളാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിട്ടില്ല. ഇരു സ്റ്റാന്‍ഡുകളിലേയും മധ്യഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവേറേജസ് ഔട്ട് ലെറ്റ് സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് അവിടെ നിന്നും മാറ്റിയെങ്കിലും യാത്രക്കാര്‍ക്ക് നേരെയുള്ള സാമൂഹ്യവിരുദ്ധ ശല്യത്തിന് അറുതിയായിട്ടില്ല. ബസ് സ്റ്റാന്‍ഡിലെ വിരലിലെണ്ണാവുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് ഇത്തരക്കാരെ നിയന്ത്രിക്കാന്‍ കഴിയില്ല. പൊലിസിന്റെ നിരീക്ഷണം ഇവിടെ ശക്തമാക്കിയാല്‍ മാത്രമേ സാമൂഹ്യവിരുദ്ധരെ തുരത്തുവാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."