ഒറ്റപ്പെട്ട് കശ്മീര്‍, വാര്‍ത്തകളറിയാന്‍ നിര്‍വാഹമില്ല; താഴ്‌വരയില്‍ എന്താണ് നടക്കുന്നതെന്നത് അവ്യക്തം
ശ്രീനഗര്‍: ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം തടഞ്ഞതോടെ കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് അവ്യക്തം. ദേശീയമാധ്യമങ്ങളിലും വാര്‍ത്താ ഏജന്‍സികളിലും കശ്മീരിലെ സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങളില്ല. ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം നിലച്ചതോടെ ദേശീയ മാധ്യമങ്ങളിലെ ജമ്മു കശ്മീരില്‍ നിന്നുള്ള ലേഖകരുടെ പേരിലുള്ള വാര്‍ത്തകള്‍ ഇന്നത്തെ മിക്ക പത്രങ്ങളിലും വന്നതുമില്ല. ജമ്മുകശ്മീരില്‍ നിന്നുള്ള സംഭവവികാസങ്ങള്‍ ഇന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള മിക്ക പത്രങ്ങളിലും പ്രസിദ്ധീകരിച്ചത് ഡല്‍ഹിയില്‍ നിന്നാണ്. കശ്മീര്‍ ഒബ്‌സര്‍വര്‍, റൈസിങ് കശ്മീര്‍, ഗ്രേറ്റര്‍ കശ്മീര്‍ തുടങ്ങിയ ജമ്മുകശ്മീര്‍ ആസ്ഥാനമായ പ്രധാന പത്രങ്ങളിലൊന്നും ഞായറാഴ്ച രാത്രിക്കു ശേഷമുള്ള സംഭവങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുമില്ല.
കഴിഞ്ഞയാഴ്ച മുപ്പതിനായിരത്തലധികവും ഇന്നലെ പതിനായിരത്തോളവും അധികസൈന്യത്തെയാണ് ജമ്മുകശ്മീരില്‍ വിന്യസിക്കപ്പെട്ടത്. ജമ്മുകശഅമീരിനെ വിഭജിക്കുകയും പ്രത്യേകപദവികള്‍ എടുത്തുകളയുകയും ചെയ്തതോടെ സംസ്ഥാനത്ത് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടോ എന്നും ഉണ്ടെങ്കില്‍ അവയെ വന്‍ സൈനിക സന്നാഹം എങ്ങിനെയാണ് നേരിട്ടതെന്നും വ്യക്തമല്ല. സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഒപ്പം സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അനിശ്ചിതമായി അടച്ചിട്ടിട്ടുമുണ്ട്. നിലവില്‍ രാഷ്ട്രപതി ഭരണത്തിലുള്ള കശ്മീരിലെ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടുമില്ല.
സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലയും മഹ്ബൂബാ മുഫ്തിയും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെ വീട്ടുതടങ്കലിലാക്കിയ ഇരുവരെയും ഇന്നലെ രാത്രിയോടെ അറസ്റ്റ്‌ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. നിലവില്‍ ഇരുവരെയും ശ്രീനഗറിലെ ഗസ്റ്റ്ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഉമര്‍ അബ്ദുല്ല, ഇന്നലെ പുലര്‍ച്ചെയാണ് അവസാനമായി ട്വീറ്റ് ചെയ്തത്. സംസ്ഥാനത്തെ വിഭജിച്ചതുള്‍പ്പെടെയുള്ള ഗൗരവമുള്ള വിഷയങ്ങള്‍ ഏറെയുണ്ടെങ്കിലും ഉമറിന്റെ ട്വിറ്റര്‍ നിശബ്ദമാണ്.
current situation in jammu kashmir
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."