ബസ് സ്റ്റാന്‍ഡ് തിരിച്ചു കിട്ടി: വ്യാപര മേഖലക്ക് ഉണര്‍വില്ല
മന്‍സൂര്‍ കാരാകുറുശ്ശി
പാലക്കാട്: പാലക്കാട്ടെ കെട്ടിടാപകടത്തെ തുടര്‍ന്ന് മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്നും സ്റ്റേഡിയം സ്റ്റാന്റിലേക്ക് ബസ് സര്‍വീസ് മാറ്റിയ അധികൃതരുടെ തീരുമാനം പിന്‍വലിച്ചുവെങ്കിലും ബസുടമകള്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ബസ് സ്റ്റാന്‍ഡ് ഉപയോഗിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബസുടമകള്‍. ഇത്തരത്തില്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിലേക്കുള്ള സര്‍വിസ് നിര്‍ത്തി വെച്ചിരുന്ന ബസുകള്‍ ഇന്നലെ രാവിലെ മുതല്‍ വീണ്ടും എത്തിതുടങ്ങി.
അതേസമയം ബസ് സ്റ്റാന്‍ഡ് തിരിച്ചു കിട്ടിയെങ്കിലും ഉപജീവനം മുടങ്ങിയ മനോവിഷമത്തിലാണ് നഗരസഭാ അധീനതയിലുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ചെറുകിട കച്ചവടക്കാര്‍. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് മുന്‍സിപ്പല്‍ ബസ സ്റ്റാന്‍ഡിന് സമീപത്തുള്ള മൂന്ന് നില കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് ബസ് സ്റ്റാന്‍ഡ് അടച്ചിട്ടിരുന്നു.വ്യാപാരികളുടെയും ഓട്ടോ, ചുമട് തൊഴിലാളികളുടേയും അവസരോചിത ഇടപെടലാണ് സംഭവദിവസം വന്‍ ദുരന്തം ഒഴിവാക്കിയത്. സുരക്ഷയെ മുന്‍നിര്‍ത്തി പുനരധിവാസം നല്‍കാമെന്ന ഉറപ്പിനാല്‍ കച്ചവടക്കാരെ നഗരസഭാ അധികൃതര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചെങ്കിലും നാളിതുവരെയും അതിനുവേണ്ട നടപടികള്‍ കൈകൊള്ളാന്‍ അധികാരികള്‍ തയ്യാറായിരുന്നില്ല. പറഞ്ഞ വാക്കിന് വില കല്‍പിക്കാതെ തങ്ങളുടെ ദുരിതത്തിന് അറുതി കാണാതെ നഗരസഭാധികൃതര്‍ കമ്പിളിപ്പിക്കുകയായിരുന്നെന്ന് കച്ചവടക്കാര്‍ ആക്ഷേപിക്കുന്നു. സര്‍വ്വീസ് നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാരെ പോലെ തന്നെ ദുരിതത്തിലായവരാണ് പരിസരത്തുള്ള കച്ചവടക്കാരും. ഇതില്‍ പലരും നിത്യാവൃത്തിക്കു വേണ്ടി നരകയാതന അനുഭവിക്കുകയാണ്.
സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമേകിയിട്ടുണ്ട്.എന്നാല്‍ നിലവില്‍ ചെര്‍പ്പുളശ്ശേരി,കോങ്ങാട്,ആലത്തൂര്‍ ഭാഗങ്ങളിലേക്ക് മാത്രമേ സര്‍വ്വീസ് ലഭ്യമാക്കിയിട്ടൊള്ളു. യാത്രാ ക്ലോശത്തിന് ഒരു പരിധിവരെ പരിഹാരമായിരിക്കുകയാണ് ഇതിലൂടെ. മണ്ണാര്‍ക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വിസ് ഇപ്പോഴും സ്‌റ്റേഡിയം സ്റ്റാന്‍ഡ് വഴിയാണ്. മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്നും സര്‍വ്വീസ് പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് നഗരസഭ നേരത്തെ ഉത്തരവിറക്കിയിരുന്നു.എന്നാല്‍ ഇതിനെതിരെ ബസ് ഉടമകള്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അന്യേഷണത്തിനായി കോടതി കമ്മീഷനെ നിയോഗിക്കുകയും ബസുകള്‍ കയറാന്‍ മാത്രം പര്യാപ്തമല്ല സ്റ്റാന്റെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ കോടതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.തുടര്‍ന്നാണ് സ്‌റ്റേഡിയം സ്റ്റാന്റില്‍ നിന്നുള്ള സര്‍വ്വീസ് തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചത്. കേസ് ഹൈകോടതി ഈ മാസം 23 ന് വീണ്ടും പരിഗണിക്കാനിരിക്കെ ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശങ്ങളെ ലംഘിച്ച് ഇത്തരമൊരു നീക്കത്തിലേക്ക് ജില്ലയിലെ തന്നെ ചില ബസ്സുടമകള്‍ നീങ്ങിയത് അസോസിയേഷനില്‍ ഒരു വിഭാഗത്തിനിടയിലെങ്കിലും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങള്‍ സ്വീകരിക്കാതെ സ്റ്റാന്റിനകത്ത് പേരിനെന്നോണം ഒന്ന് രണ്ട് ബസ് വെയ്റ്റിംങ് ഷെഡ്ഡുള്‍ സ്ഥാപിച്ചതല്ലാതെ യാതൊരു അടിസ്ഥാന സൗകര്യവും മുന്‍സിപ്പാലിറ്റി ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും ബസ് ഉടമകളില്‍ നിന്നും ഉയരുന്നു.
പരാധീനതകള്‍ക്കിടയിലും യാത്രക്കാരുടെ ദുരിതവും,യാത്രാ ക്ലേശവും,പരിസര പ്രദേശത്തുള്ള കച്ചവടക്കാരുടെ ആവശ്യവും മാനിച്ചാണ് സര്‍വ്വീസ് പുനരാരംഭിച്ചതെന്ന് ചെര്‍പ്പുളശ്ശേരി മേഖലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമായെങ്കിലും ജീവിക്കാനുള്ള സ്വാതന്ത്രത്തെ തല്ലി കെടുത്തിയ നഗരസഭാധികൃതര്‍ തങ്ങളുടെ ദയാനീനതക്ക് വെളിച്ചമേകുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഒരു സംഘം ചെറുകിട വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."