അതിവേഗ റെയില്‍പാത: കാസര്‍കോട്ടേക്ക് നീട്ടിയാല്‍ നഷ്ടം 14, 400 കോടിയെന്ന് ഇ.ശ്രീധരന്‍
കാസര്‍കോട്: തിരുവനന്തപുരം- കണ്ണൂര്‍ മെട്രോ റെയില്‍ അതിവേഗപാത കാസര്‍കോട് വരെ നീട്ടിയാല്‍ 14, 400 കോടിയുടെ അധിക ബാധ്യത വരുമെന്നു ഡെല്‍ഹി മെട്രോ എം.ഡി ഇ.ശ്രീധരന്‍. റെയില്‍വെ അതിവേഗപാതയില്‍ കാസര്‍കോടിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ക്യാംപയിന്‍ സംഘടിപ്പിക്കുന്ന കാസര്‍കോടിനൊരിടം ഫേസ്ബുക്ക് കൂട്ടായ്മ നല്‍കിയ ഓണ്‍ലൈന്‍ ചോദ്യത്തിനാണ് ഡോ. ഇ. ശ്രീധരന്‍ മറുപടി പറഞ്ഞത്.
കര്‍ണ്ണാടക സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിച്ച് മംഗളൂരുവരെ പദ്ധതി നീട്ടിയാല്‍ മാത്രമേ കാസര്‍കോട് വരെ നീട്ടുന്നതിന്റെ ഗുണമുണ്ടാകുവെന്നാണ് ഇ.ശ്രീധരന്റ മറുപടി. മംഗളൂരുവിനെ ഒഴിവാക്കി കാസര്‍കോട് വരെയാക്കി പദ്ധതി ചുരുക്കിയാല്‍ നഷ്ടമാകുമെന്ന ഡോ. ഇ.ശ്രീധരന്റെ മറുപടി കാസര്‍കോടിനെ നിരാശപ്പെടുത്തുന്നതാണ്.
കണ്ണൂരില്‍ അവസാനിക്കുന്ന അതിവേഗപാത പദ്ധതി കാസര്‍കോട് വരെ നീട്ടണമെങ്കില്‍ 84 കിലോമീറ്റര്‍ നിര്‍മാണ പ്രവൃത്തി നടത്തണം. ഇതിനായി 14400 കോടിയുടെ അധിക ബാധ്യത വേണ്ടിവരും. മംഗളൂരുവരെ നീട്ടിയാല്‍ ലാഭമുണ്ടാകുമെന്ന് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും ഡല്‍ഹി മെട്രോ നടത്തിയ സാധ്യതാ പഠനത്തിനോടു പോലും കര്‍ണാടക സഹകരിച്ചില്ലെന്ന് ഡോ. ഇ.ശ്രീധരന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
കാസര്‍കോടിനൊരിടം ഫേസ്ബുക്കു കുട്ടായ്മക്കുവേണ്ടി ജസീമാണ് ഇ.ശ്രീധരനോട് ഇക്കാര്യത്തില്‍ ചോദ്യമുന്നയിച്ചത്. കേരള സര്‍ക്കാരിനു വേണ്ടി ഡല്‍ഹി മെട്രോയാണ് സാധ്യതാ പഠനം നടത്തിയത്. ഈ പഠനത്തിന് ചുക്കാന്‍ പിടിച്ചത് ഡോ.ഇ ശ്രീധരനായിരുന്നു. അതിവേഗപാത കണ്ണൂര്‍ വരെ മതിയെന്ന പഠന സര്‍വെ വന്നതോടെ പദ്ധതി വിവാദത്തിലായിരിക്കുകയാണ്. കനത്ത നഷ്ടംവരുമെന്നതു കൊണ്ടാണ് കാസര്‍കോടിനെ ഒഴിവാക്കിയതെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതിനെ ശരിവയ്ക്കുന്ന രീതിയിലാണ് പഠനത്തിന് ചുക്കാന്‍ പിടിച്ച ഇ ശ്രീധരന്റെ വെളിപ്പെടുത്തലോടെ സംഭവിച്ചിരിക്കുന്നത്.
അതിവേഗപാത കാസര്‍കോട് വരെ നീട്ടണമെന്ന് ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളും ആക്ഷന്‍ കമ്മറ്റിയും സര്‍ക്കാരിനോട് ആവശ്യപ്പെടുകയും നിരവധി സമരങ്ങളും കാസര്‍കോട് നടന്നു വരികയാണ്. അതിനിടയിലാണ് കാസര്‍കോട് വരെ മാത്രം നീട്ടിയാല്‍ പദ്ധതിക്ക് 14400 കോടി അധിക ബാധ്യത വരുമെന്നും മംഗളൂരുവരെ നീട്ടാനുള്ള ശ്രമത്തിന് ആക്കം കൂട്ടണമെന്നും ഡോ.ഇ ശ്രീധരന്‍ നിര്‍ദേശിച്ചത്. സാധാരണ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറില്ലന്നും താന്‍ ഇടപെട്ട വിഷയമായതിനാലാണ് മറുപടി പറയുന്നതെന്നും പറഞ്ഞു കൊണ്ടാണ് ഇ.ശ്രീധരന്‍ മറുപടി അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."