മൂന്നുവര്‍ഷത്തേക്ക് അനുമതിയില്ലാതെ ആര്‍ക്കും വ്യവസായം തുടങ്ങാം: നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ സംസ്ഥാനത്ത് പത്തുകോടി രൂപ വരെ മുതല്‍മുടക്കുള്ളതും ചുകപ്പ് വിഭാഗത്തില്‍(വലിയ മലിനീകരണമുണ്ടാക്കുന്നവ) വരാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുംവിധം നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
മൂന്നുവര്‍ഷത്തിനകം നിയമാനുസൃതമായ എല്ലാ അനുമതികളും വ്യവസായികള്‍ നേടിയിരിക്കണം. നിയമപരമായ അനുമതികള്‍ വൈകുന്നതുകാരണം സംരംഭകര്‍ക്കുള്ള പ്രയാസം ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു.
ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ 2018-19-ല്‍ നിര്‍ദേശിച്ചതും കേരളത്തിന് ബാധകമായതുമായ 77ഇനങ്ങളില്‍ 63-ഉം സംസ്ഥാനം നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള 14 ഇനങ്ങള്‍ വേഗത്തില്‍ നടപ്പാക്കും. പത്തുകോടി രൂപയിലധികം മുതല്‍മുടക്ക് വരുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കുന്നതിന് വ്യവസായ വകുപ്പില്‍ പ്രത്യേക സെല്‍ ആരംഭിക്കുന്നതിനും ധാരണയായി. പ്രവാസി നിക്ഷേപകര്‍ക്ക് ഈ സെല്ലുമായി നേരിട്ടു ബന്ധപ്പെടാം. പ്രവാസി നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ സെല്‍ വഴി ലഭ്യമാക്കും.
ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. അതൊഴിവാക്കി, ഒരിക്കല്‍ ലൈസന്‍സ് ലഭിച്ചവര്‍ വീണ്ടും പുതുക്കേണ്ടതില്ലെന്ന നിയമഭേദഗതി കൊണ്ടുവരുന്നതും പരിശോധിക്കാന്‍ തീരുമാനിച്ചു.
വാണിജ്യകരാറുകളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ വാണിജ്യകോടതികള്‍ ഹൈക്കോടതിയുടെ അനുമതിയോടെ സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വ്യവസായനിക്ഷേപം ആകര്‍ഷിക്കുന്നതിനും വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല നിക്ഷേപ ഉപദേശക കൗണ്‍സില്‍ രൂപീകരിക്കുന്ന കാര്യവും പരിഗണിക്കും. നിക്ഷേപകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സൗജന്യകോള്‍ സെന്റര്‍ സ്ഥാപിക്കാനും തീരുമാനിച്ചു. മികച്ച വ്യവസായങ്ങള്‍ക്ക് മേഖലകള്‍ തിരിച്ച് സംസ്ഥാനതല അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
വ്യവസായ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും നിയമപരമായ അനുമതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കാനും വ്യവസായികളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുന്നതിനും പ്രധാന വ്യവസായ സംഘടകളുടെ പ്രതിനിധികളുമായി വ്യവസായമന്ത്രി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."