കശ്മിര്‍ വിഭജനം കോണ്‍ഗ്രസില്‍ ഭിന്നത
ന്യൂഡല്‍ഹി: കശ്മിരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത. കഴിഞ്ഞദിവസം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രനടപടിക്കെതിരേ പ്രതിഷേധമുയര്‍ത്തിയിരുന്നെങ്കിലും പാര്‍ട്ടിയിലെ പലനേതാക്കള്‍ക്കും എതിരഭിപ്രായമുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചത്.
ഭുവനേശ്വര്‍ കലിതയ്ക്ക് പുറമേ പല കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു. ഹരിയാനയിലെ യുവനേതാവ് ദീപേന്ദര്‍ ഹൂഡ, അദിതി സിങ്, മുതിര്‍ന്ന നേതാക്കളായ ജനാര്‍ദന്‍ ദ്വിവേദി, മുന്‍ എം.പി. ജ്യോതി മിര്‍ദ തുടങ്ങിയവരാണ് കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും രംഗത്തെത്തിയത്.
ചരിത്രപരമായ ഒരു തെറ്റ് ഇപ്പോള്‍ തിരുത്തിയെന്നായിരുന്നു സോണിയ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള ജനാര്‍ദന്‍ ദ്വിവേദിയുടെ പ്രതികരണം. തന്റെ രാഷ്ട്രീയ ഗുരുവായ റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെയുള്ളവര്‍ ആര്‍ട്ടിക്കിള്‍ 370ന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റായ്ബറേലി സദറിലെ കോണ്‍ഗ്രസ് എം.എല്‍.എ. അദിതി സിങും കേന്ദ്രനടപടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള നടപടിയില്‍ കേന്ദ്രത്തെ അഭിനന്ദിക്കണമെന്നും ഇതിനെ എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു മുന്‍ എം.പി യായ ജ്യോതി മിര്‍ദയുടെ പ്രതികരണം.
അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരേ ഗുലാം നബി ആസാദ്, പി. ചിദംബരം തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ തയാറായില്ല. ഇന്നലെയാണ് രാഹുല്‍ മൗനം വെടിഞ്ഞത്. അധികാരത്തിന്റെ ദുരുപയോഗവും ദേശ സുരക്ഷക്ക് ഗുരുത പ്രത്യാഘാതമുണ്ടാകുന്ന നടപടിയാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ജമ്മുകശ്മിരിനെ ഏകപക്ഷീയമായി വിഭജിക്കുകയാണ് ചെയ്തത്. ഇതിനുവേണ്ടി ജനപ്രതിനിധികളെ ജയിലിലടച്ചു. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നത്. ഇത്തരത്തില്‍ ദേശീയ ഐക്യം ഉണ്ടാക്കാനാകില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ സൃഷ്ടിച്ചത് ഈ രാജ്യത്തെ ജനങ്ങളാണ്. അതിന് പകരം ഭൂപ്രദേശങ്ങളല്ല. അധികാരത്തെ ദുര്‍വിനിയോഗം ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും രാഹുല്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."