അധ്യാപനോപാധികള്‍ കന്നടയിലും വേണം: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കന്നട മീഡിയം സ്‌കൂളുകളിലെ ആര്‍ട്‌സ്, പ്രവൃത്തിപരിചയ അധ്യാപന സഹായി പുസ്തകങ്ങള്‍ എത്രയും പെട്ടെന്ന് കന്നടയില്‍ അച്ചടിച്ച് വിതരണം ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പുവരുത്തി പുസ്തകങ്ങളുടെ ഉള്ളടക്കം സി.ഡിയില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്കു കൈമാറണമെന്ന് ചെയര്‍മാന്‍ പി. സുരേഷ്, അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എസ്.സി.ഇ.ആര്‍.ടിയോട് നിര്‍ദേശിച്ചു.
ഭാഷേതര വിഷയങ്ങള്‍ കന്നടയില്‍ പഠിപ്പിക്കാന്‍ കഴിയുന്ന അധ്യാപകരെ നിയോഗിക്കുന്നതിന് പി.എസ്.സിക്ക് നിര്‍ദേശം നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഡയരക്ടറും ശ്രദ്ധിക്കണം. ഭൂരിപക്ഷം കുട്ടികളും കന്നട സംസാരിക്കുന്ന പ്രദേശങ്ങളിലെ അങ്കണവാടികളില്‍ കന്നട അറിയുന്ന അധ്യാപകരെ നിയമിക്കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഭാഷാന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് തനതുഭാഷയില്‍ പഠിക്കുന്നതിന് ഭരണഘടന നല്‍കിയിട്ടുള്ള അവകാശം കാസര്‍കോട് പ്രദേശത്ത് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്നട സാഹിത്യ പരിഷത്ത് കേരള ഘടകം പ്രസിഡന്റ് എസ്.വി ഭട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ശുപാര്‍ശ പുറപ്പെടുവിച്ചത്.
കാസര്‍കോട് ജില്ലയിലെ 180-ഓളം കന്നട സ്‌കൂളുകളില്‍ ആര്‍ട്‌സ്, പ്രവൃത്തി പരിചയം, കായിക വിദ്യാഭ്യാസം, ആരോഗ്യപാഠം തുടങ്ങിയ പുസ്തകങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മലയാളത്തിലാണ് പഠിപ്പിക്കുന്നത്. കന്നട ഭാഷയില്‍ പ്രാഥമികവിജ്ഞാനം പോലുമില്ലാത്ത അധ്യാപകരാണ് പഠിപ്പിക്കുന്നതെന്നും ഭട്ട് ചൂണ്ടിക്കാട്ടി. അങ്കണവാടികളില്‍ കന്നട പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന സാമൂഹിക നീതി വകുപ്പിന്റെ ഉറപ്പ് പാലിച്ചിട്ടില്ലെന്നും ഭട്ട് പരാതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."