ബജ്‌റങ് പുനിയ ലോക ചാംപ്യന്‍ഷിപ്പിന് സീഡിങ് നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരം
തിരുവനന്തപുരം: ഒക്‌ടോബര്‍ 20 മുതല്‍ 28 വരെ ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക റെസ്്്‌ലിങ് ചാംപ്യന്‍ഷിപ്പിന്റെ ടോപ് സീഡ് താരങ്ങളില്‍ ഇന്ത്യന്‍ ഗുസ്തി താരം ബജ്‌റങ് പുനിയയും. 65 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തിലാണ് ബജ്‌റങ് പുനിയ മൂന്നാം സീഡായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക ചാംപ്യന്‍ഷിപ്പിന് ഇതാദ്യമായാണ് റെസ്‌ലിങിന്റെ പരമോന്നത ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് (യു.ഡബ്ല്യു.ഡബ്ല്യു) സീഡിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. 2017ല്‍ ഏര്‍പ്പെടുത്തിയ റാങ്കിങ് സംവിധാനത്തിന് പിന്നാലെയാണ് പ്രീചാംപ്യന്‍ഷിപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സീഡിങും ഇത്തവണ ഏര്‍പ്പെടുത്തിയത്. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു മത്സരക്രമവും എതിരാളികളെയും നിശ്ചയിച്ചിരുന്നത്. ലോക ചാംപ്യന്‍ഷിപ്പിന് സീഡിങ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ബജ്‌റങ് പുനിയ സ്വന്തമാക്കി.
അമ്പത് പോയിന്റ് നേടി തുര്‍ക്കിയുടെ സെലാഹദീന്‍ കിലിക്‌സലായനാണ് 65 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഒന്നാം സീഡ്. റഷ്യയുടെ ഇല്യാസ് ബെക്ബുലാതോവാണ് രണ്ടാം സീഡ്. മൂന്നാം സീഡായ ബജ്‌റങ് പുനിയ 45 പോയിന്റുകളാണ് പ്രീചാംപ്യന്‍ഷിപ്പുകളിലൂടെ നേടിയത്. നിലവില്‍ രണ്ടാഴ്ച്ചയോളമായി ഹങ്കറിയിലെ ഒളിമ്പിക് ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ താരം. മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാണ് നേരത്തെ തന്നെ ഹങ്കറിയിലെത്തി പരിശീലനം തുടങ്ങിയതെന്നും സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ഇവിടെ നിന്ന് മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ബജ്‌റങ് പൂനിയ പറഞ്ഞു. നിലവില്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവായ താരം ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."