സാലറി ചലഞ്ചിന് നോ പറഞ്ഞ ഐ.എ.എസ് ഉന്നതന് പിരിവിനായി മന്ത്രിയ്ക്കൊപ്പം വിദേശത്തേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ നോ പറഞ്ഞ ഐ.എ.എസ് ഉന്നതന് കേരള പുനര്‍ നിര്‍മാണത്തിന് പ്രവാസികളില്‍നിന്നു ഫണ്ട് പിരിക്കാന്‍ മന്ത്രിയോടൊപ്പം വിദേശത്തേക്ക്. ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന നിരസിച്ച് സാലറി ചലഞ്ചില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് കത്തു കൊടുത്ത ലാന്റ് റവന്യു കമ്മിഷണര്‍ എ.ടി ജയിംസാണ് ഫണ്ട് പിരിവിനായി വിദേശത്തേക്ക് പറക്കുന്നത്. ഇതില്‍ ഒരു വിഭാഗം ഐ.എ.എസുകാര്‍ തന്നെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് സൂചന. ഈ മാസം 21ന് ആണ് മന്ത്രി ഇ. ചന്ദ്രശേഖരനൊപ്പം ജയിംസ് ഫണ്ട് പിരിവിനായി സിംഗപ്പൂരിലേക്ക് പോകുന്നത്. സാലറി ചലഞ്ചില്‍ ശമ്പളം തരില്ലെന്ന കത്ത് മുഖ്യമന്ത്രി പരിഗണിച്ചില്ലെങ്കിലും എ.ടി ജയിംസ് ഈ മാസത്തെ ശമ്പളം ട്രഷറിയില്‍നിന്നു പൂര്‍ണമായും പിന്‍വലിച്ചു. തിരുവനന്തപുരം മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫിസ് ട്രഷറിയില്‍നിന്നാണ് ഇദ്ദേഹം ശമ്പളം പിന്‍വലിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൂര്‍ണമായും പിന്‍വലിച്ചത്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുകയും ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരുടെ തലവനായിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന് തന്നെ സാലറി ചലഞ്ചില്‍ നോ പറഞ്ഞിട്ടും മന്ത്രി ചന്ദ്രശേഖരന് വിദേശയാത്രയ്ക്ക് ഒപ്പം കൂട്ടിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസിന്റെ ചുമതലയും ഇദ്ദേഹമാണ് വഹിക്കുന്നത്. അതേ സമയം, ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നെറ്റ് സാലറി മാത്രമേ സാലറി ചലഞ്ചില്‍ നല്‍കിയിട്ടുള്ളൂ. ദിവസ വേതനക്കാരുടെ ശമ്പളം പോലും സാലറി ചലഞ്ചില്‍ പിടിച്ചിട്ടും ഒന്നരലക്ഷത്തിനു മുകളില്‍ ശമ്പളം വാങ്ങുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."