സംഘ്പരിവാര്‍ അതിക്രമം: കേരളാ ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് റസിഡന്റ് കമ്മിഷണര്‍
ന്യൂഡല്‍ഹി: മാട്ടിറച്ചി വിഷയത്തില്‍ കേരളാ ഹൗസിനുമുന്നില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമത്തിനെതിരേ റസിഡന്റ് കമ്മിഷണര്‍ ഡോ. വിശ്വാസ് മേത്ത പൊലിസില്‍ പരാതി നല്‍കി.
കേരളാ ഹൗസിന്റെ സുരക്ഷ ശക്തമാക്കണമെന്ന് പരാതിയിലുണ്ട്. പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കന്നുകാലി അറവ് നിയന്ത്രിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരായ കേരള സര്‍ക്കാരിന്റെ നിലപാടും സംസ്ഥാനത്തുടനീളം നടന്ന ബീഫ് ഫെസ്റ്റുകളുമാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസം ശിവസേനയും കേരളാ ഹൗസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഹൗസിലെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധപരിപാടികള്‍ നടക്കാനിടയുണ്ടെന്നും അതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാണ് കേരളം ഡല്‍ഹി പൊലിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മുന്‍കൂര്‍ അനുമതിയില്ലാതെ ഭാരതീയ ഗോരക്ഷ ക്രാന്തി പ്രവര്‍ത്തകര്‍ പശുവുമായെത്തി കേരളാഹൗസ് പ്രവേശന കവാടത്തില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവര്‍ കേരളാ ഹൗസ് വളപ്പിലേക്ക് അതിക്രമിച്ചുകടന്നിരുന്നു.
കേരളാ ഹൗസില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും വിരലിലെണ്ണാവുന്ന പൊലിസ് മാത്രമാണ് എത്തിയത്. ഇവരാവട്ടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനോ അറസ്റ്റ് ചെയ്യാനോ ശ്രമിച്ചില്ല. ഇതിനുപിന്നാലെ ഇന്നലെ രാവിലെയും പ്രതിഷേധമുണ്ടായി.
ധ്യാന്‍ ഫൗണ്ടേഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇവര്‍ കേരളാ ഹൗസിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."