സര്‍ഗാലയ കരകൗശല അക്കാദമി ഉദ്ഘാടനം നാളെ
വടകര : ഇരിങ്ങല്‍ സര്‍ഗാലയയില്‍ കരകൗശല അക്കാദമിയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നാളെ 2 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുമെന്ന് കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സന്‍ പി. കുല്‍സു മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍ഗാലയുടെ രണ്ടാം ഘട്ട വികസന പരിപാടികളുടെ ഭാഗമായാണ് കരകൗശല അക്കാദമി സ്ഥാപിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 9.99 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം. കരകൗശല അക്കാദമിയിലൂടെ പയ്യോളി മേഖലയിലെ രണ്ടായിരത്തോളം സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ സൃഷ്ടിക്കാനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് സൊസൈറ്റിയാണ് കരകൗശല അക്കാദമിയുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പരമ്പരാഗത കരകൗശല മേഖലയുടെ സമഗ്ര വികസനത്തിലൂന്നിയ പരിശീലന പരിപാടികള്‍ക്ക് പുറമെ കൗരകൗശല മേഖലയെ ആസ്പദമാക്കി ശില്‍പ ശാലകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കാനുള്ള കോണ്‍ഫ്രന്‍സ് ഹാള്‍, കരകൗശല വിദഗ്ധര്‍ക്ക് താമസിക്കാനുള്ള സൗകര്യം, പരിശീലന ഹാളുകള്‍ തുടങ്ങിയ സൗകര്യം ഉണ്ടായിരിക്കും.
സര്‍ഗാലയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം ഓരോ വര്‍ഷവും നല്ല തോതില്‍ വര്‍ധിക്കുന്നുണ്ടെന്ന് സി.ഇ.ഒ പി.പി ഭാസ്‌കരന്‍ പറഞ്ഞു. കഴിഞ്ഞ കരകൗശല മേളയില്‍ ഏകദേശം പത്ത് കോടി രൂപയുടെ ബിസിനസ് നടത്താന്‍ കഴിഞ്ഞു. ഒരു കോടി രൂപയുടെ ഉത്പന്നങ്ങള്‍ സര്‍ഗ്ഗാലയിലെ സ്റ്റാളുകളിലൂടെ മാത്രം വിറ്റഴിഞ്ഞിട്ടുണ്ട്. അതേസമയം വടകര, പയ്യോളി പ്രദേശങ്ങളില്‍ മറ്റ് ടൂറിസം കേന്ദ്രങ്ങളില്ലാത്തത് പ്രശ്‌നമായി തുടരുകയാണ്. ദൂരെ ദേശത്തു നിന്ന് എത്തുന്നവര്‍ സര്‍ഗാലയയില്‍ മാത്രം എത്തി തിരിച്ചു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വയനാട്, ബേക്കല്‍, മുഴിപ്പിലങ്ങാട്, കാപ്പാട് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ കോര്‍ത്തിണക്കി ഒരു ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കാനും പദ്ധതിയുള്ളതായി സി.ഇ.ഒ പറഞ്ഞു.
സര്‍ഗാലയുടെ സമീപ പ്രദേശങ്ങളിലെ കോട്ടത്തുരുത്തി ദ്വീപ്, മൂരാട് കൈത്തറിതെരു, കോട്ടപ്പുഴ, വെള്ളിയാങ്കല്ല് എന്നിവയെ കോര്‍ത്തിണക്കിയുള്ള ടൂറിസം പദ്ധതിക്കായി 42.28 കോടി രൂപ വകയിരുത്തി കിഫ്ബി പദ്ധതിയായി ഉടന്‍ അനുമതി ലഭിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി. കുല്‍സു, സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി.കെ രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം.ടി സുരേഷ് ബാബു, ക്രാഫ്റ്റ് ഡിസൈനര്‍ കെ.കെ ശിവദാസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."