നെടുമ്പാശ്ശേരി വിമാനത്താവളം രാവിലെ 9 വരെ അടച്ചിട്ടു
കൊച്ചി: മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയില്‍ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച പറവൂരിലെ ചെങ്ങമനാട്, കുന്നുകര, ആലങ്ങാട്, കരുമാലൂര്‍, പുത്തന്‍വേലിക്കര, ചേന്ദമംഗലം എന്നിവിടങ്ങളില്‍ വെള്ളംകയറി. പെരിയാറിലും ചാലക്കുടിയാറിലും ജലനിരപ്പുയരുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായി. മണപ്പുറത്ത് പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ആരോഗ്യകേന്ദ്രം പൂര്‍ണമായും വെള്ളത്തിനടിയിലായി. തങ്കളം ജവഹര്‍ കോളനി, തൃക്കരിയൂര്‍ എന്നിവിടങ്ങളിലും വെള്ളം കയറി.
കോതമംഗലത്ത് ജവഹര്‍കോളനിയിലെ 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തീരദേശ പ്രദേശമായ ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. കമ്പനിക്കടവ്, ചാളക്കടവ്, മാലാഖപ്പടി, വേളാങ്കണ്ണി, ബസാര്‍ എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തില്‍ മുങ്ങി. താഴ്ന്ന പ്രദേശമായ രാമേശ്വരം കോളനി, കിളിയോംപാടം കോളനി എന്നിവിടങ്ങളിലെ 100ഓളം വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഇലാഹിയ നഗര്‍, ആനിക്കാക്കുടി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌കൂളിലും കടാതി എന്‍.എസ്.എസ് ഹാളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ളവരും ഭീതിയിലാണ്.
പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്നലെ രാത്രി 9 മുതല്‍ ഇന്ന് രാവിലെ 9 വരെ നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. നിരീക്ഷിച്ച ശേഷം ഇന്ന് അടച്ചിടണമോയെന്ന് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവള പരിസരത്തേക്ക് വെള്ളം എത്തിത്തുടങ്ങിയതും ആശങ്ക വര്‍ധിപ്പിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഇപ്രകാരം റണ്‍വേയിലേക്ക് വെള്ളം കയറിയതിനെതുടര്‍ന്നാണ് വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ടുകളുടെ പൂള്‍ തയാറാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."