യു.ഡി.എഫ് കലക്ടറേറ്റ് ധര്‍ണ നാളെ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: അഴിമതിയിലും പ്രളയ ദുരന്ത ബാധിതരോടുള്ള സര്‍ക്കാര്‍ വിവേചനത്തിലും പ്രതിഷേധിച്ച് 15ന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിന് എരഞ്ഞിപ്പാലത്തുനിന്നു പ്രകടനത്തോടെ ആരംഭിച്ച് കലക്ടറേറ്റിന് മുന്നില്‍ ആരംഭിക്കുന്ന ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എം.കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രളയത്തില്‍ അകപ്പെട്ടവര്‍ വീടുകളില്‍ മടങ്ങിയെത്തുമ്പോള്‍ 10000 രൂപ അക്കൗണ്ടുകളില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാഥമിക സഹായധനം പോലും നല്‍കിയിട്ടില്ലെന്നും ഇതിനിടെ അനര്‍ഹരായ സി.പി.എമ്മുകാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും യു.ഡി.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടല്‍ ബാധിതരായവരോട് മനുഷ്യത്വരഹിതമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കണ്ണപ്പന്‍കുണ്ടിലും കരിഞ്ചോലമലയിലും കൃഷി ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായമൊന്നും നല്‍കിയിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ മാറ്റിത്താമസിപ്പിച്ച ഇടങ്ങളിലെ വീട്ടു വാടക പോലും നല്‍കാന്‍ തയാറാകാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും നടപടിയെടുക്കാത്തത് കടുത്ത അനീതിയാണ്.
പ്രളയാനന്തര നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും നടപടിയെടുക്കാത്ത സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ടി.എം ജോസഫ്, വീരാന്‍കുട്ടി, നാരായണന്‍കുട്ടി മാസ്റ്റര്‍, മനോജ് ശങ്കരനെല്ലൂര്‍, ചോലക്കര മുഹമ്മദ് മാസ്റ്റര്‍, കെ.കെ നാരായണന്‍, കെ.പി രാധാകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."