രൂപയുടെ മൂല്യം ഇടിഞ്ഞു
കൊണ്ടോട്ടി: രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ ഹജ്ജിന് പോയി മടങ്ങിയെത്തിയവരുടെ വിമാന നിരക്കില്‍ വര്‍ധനവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് യാത്രയായവരുടെ വിമാന ടിക്കറ്റ് നിരക്കിലാണ് തീര്‍ഥാടന ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ അധിക തുകയുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഹാജിമാര്‍ തുക എങ്ങനെ അടക്കണമെന്നതിനെക്കുറിച്ച് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നില്ല.
നെടുമ്പാശ്ശേരിയില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോയി മടങ്ങിയെത്തിയ കേരളം, ലക്ഷദ്വീപ്, മാഹി ഹാജിമാര്‍ 6,205 രൂപയാണ് വിമാന നിരക്കില്‍ അധികം നല്‍കേണ്ടിവരിക. 10 വര്‍ഷം മുന്‍പ് 4,225 രൂപ ഇതുപോലെ ഹാജിമാരില്‍നിന്ന് കേന്ദ്രം ഈടാക്കിയിരുന്നു. തീര്‍ഥാടകര്‍ക്ക് തുക മടക്കി നല്‍കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
വിമാന കമ്പനികള്‍ ഹജ്ജ് കരാര്‍ ഒപ്പിടുന്നതും വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ഡോളര്‍ നിരക്കിലാണ്. ഡോളറിന് 65 രൂപ പ്രകാരമാണ് ഹജ്ജ് സര്‍വിസ് വിമാന കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ശേഷം വിനിമയ നിരക്കിലുണ്ടായ ക്രമാതീതമായ അന്തരമാണ് വിമാന നിരക്ക് കൂട്ടേണ്ടുന്ന അവസ്ഥ സൃഷ്ടിക്കുന്നത്. 65 രൂപയിലുണ്ടായ ഡോളര്‍ നിരക്ക് വിമാന ടിക്കറ്റ് അനുവദിച്ച ജൂലൈ മുതല്‍ ഉയര്‍ന്ന് രൂപയുടെ മൂല്യം ഇടിയുകയായിരുന്നു. അഞ്ച് ഘട്ടങ്ങളായാണ് വിമാന നിരക്ക് ഈടാക്കിയിട്ടുള്ളത്. ജൂലൈ എട്ടിന് വിമാന ടിക്കറ്റ് നല്‍കുമ്പോള്‍ 30 ശതമാനം വര്‍ധിച്ച് ഡോളര്‍ 68.72 ആയി ഉയര്‍ന്നു. ആഗസ്റ്റ് 22ലേക്ക് വീണ്ടും 20 ശതമാനം വര്‍ധിച്ച് 69.45ആയി മാറി.
സെപ്തംബര്‍ രണ്ടിലേക്ക് 25 ശതമാനം വര്‍ധിച്ച് 71.12 രൂപയായും ഒക്ടോബര്‍ ഒന്നില്‍ 15 ശതമാനം വര്‍ധിച്ച് 72.89 രൂപയായും കൂടി. ഒക്ടോബര്‍ എട്ടിലെത്തിയപ്പോള്‍ 10 ശതമാനം വീണ്ടും ഡോളര്‍ നിരക്ക് കൂടിയതോടെ 74.13 രൂപയിലെത്തി. ഇത് പ്രകാരം നെടുമ്പാശ്ശേരി വഴി ഹജ്ജിന് പോയവര്‍ 65,318.83 രൂപ വിമാന നിരക്കും 18 ശതമാനം ജി.എസ്.ടിയായി 11,757.39 രൂപയും,3,572 രൂപ വിമാനത്താവള ടാക്‌സും ഉള്‍പ്പെടെ 80,648.22 രൂപയാണ് നല്‍കേണ്ടത്. എന്നാല്‍ ഹാജിമാര്‍ ഈ നിരക്കില്‍ 74,443 രൂപയാണ് നല്‍കിയത്. ശേഷിക്കുന്ന 6,205 രൂപയാണ് അധികമായി നല്‍കേണ്ടി വരിക.
ഇന്ത്യയില്‍ വിമാന നിരക്കിലുള്ള മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് നിരക്കിലും വര്‍ധനവുള്ളത്. ഗുവാഹട്ടിയില്‍നിന്ന് ഹജ്ജിന് പോയവരാണ് ഇതുമൂലം കൂടുതല്‍ തുക നല്‍കേണ്ടിവരിക. ഗുവാഹട്ടിയില്‍ 9,540 രൂപയാണ് അധികമുള്ളത്. ഏറ്റവും കുറവു മുംബൈയില്‍നിന്ന് പോയവര്‍ക്കാണ്. ഇവര്‍ക്ക് 4,670 രൂപയുടെ വര്‍ധനവ് മാത്രമാണുള്ളത്. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് പൂര്‍ത്തിയായി ഒരുമാസം കഴിഞ്ഞതിന് ശേഷമാണ് വീണ്ടും വിമാന നിരക്കിലെ അധികതുക സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കേരളത്തില്‍നിന്ന് ഈ വര്‍ഷം ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടെ 12,000 പേരാണ് ഹജ്ജിന് പോയത്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിന് ശേഷമുള്ള ആദ്യ ഹജ്ജ് സീസണില്‍ വീണ്ടും തുക നല്‍കുന്നത് തീര്‍ഥാടകര്‍ക്ക് കനത്ത തിരിച്ചടിയാവും. എയര്‍ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, ഫ്‌ളൈനാസ് എന്നിവയാണ് ഈ വര്‍ഷം ഹജ്ജ് സര്‍വിസ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."