എല്ലാദിവസവും വാദം കേള്‍ക്കുന്നതിനെ എതിര്‍ത്ത് മുസ്‌ലിം പക്ഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കുകയെന്ന ഉദ്ദേശത്തോടെയാണ് തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് എല്ലാ ദിവസവും വാദം കേള്‍ക്കുന്നതിനെ എതിര്‍ത്ത് മുസ്‌ലിം പക്ഷം. ആഴ്ചയില്‍ അഞ്ച് ദിവസം എന്ന രീതിയില്‍ അതിവേഗത്തിലുള്ള സുപ്രിം കോടതിയുടെ വാദം കേള്‍ക്കലിനോട് സഹകരിക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.
ഇതുപോലെ മുന്നോട്ടു പോകാന്‍ കഴിയില്ല. ദിവസേന വാദം നടക്കുന്നതിനാല്‍ അഭിഭാഷകര്‍ക്ക് തയ്യാറെടുത്ത് വരുന്നതിന് പ്രയാസം നേരിടുന്നുണ്ട്. തനിക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പീഡനമാണെന്നും ധവാന്‍ വ്യക്തമാക്കി. ധവാന്റെ പരാതി കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തീരുമാനം ഉടന്‍ അറിയിക്കാമെന്ന് വ്യക്തമാക്കി. തിങ്കള്‍ മുതല്‍ വെള്ളിവരെ കോടതിയുടെ സാധാരണ പ്രവൃത്തി ദിവസം മുഴുവന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ബാബരി ഭൂമി തര്‍ക്കക്കേസ് പരിഗണിക്കുന്നത്. സാധാരണ രീതിയില്‍ വെള്ളിയാഴ്ചകളില്‍ പുതിയ കേസുകള്‍ മാത്രമാണ് കോടതി പരിഗണിച്ചിരുന്നത്.
ബാബരി കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കുകയെന്ന ഉദ്ദേശത്തോടെയാണ് തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്.
നിലവില്‍ ഹിന്ദു പക്ഷമായ നിര്‍മോഹി അഖാറ, രാംലല്ല എന്നീ കക്ഷികളുടെ വാദമാണ് കാര്യമായി നടന്നത്. മുസ്‌ലിംപക്ഷത്തിന്റെ അഭിഭാഷകര്‍ ചില ഇടപെടലുകള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. ചൊവ്വാഴ്ച മുതല്‍ മുസ്‌ലിംപക്ഷത്തിന്റെ സമ്പൂര്‍ണ വാദം ആരംഭിച്ചേക്കും.
രാമന്‍ ജനിച്ചത് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണെന്ന ലക്ഷക്കണക്കിന് പേരുടെ വിശ്വാസമാണ് അത് രാമജന്‍മ ഭൂമിയാണെന്നതിന് തെളിവെന്നാണ് രാംലല്ലയുടെ വാദം.
അക്കാര്യം ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ വിശ്വസിക്കുന്നുണ്ടെന്ന് രാംലല്ലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരനാണ് ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദിച്ചത്. വാല്‍മീകി രാമായണത്തില്‍ അക്കാര്യം പറയുന്നുണ്ടെന്നതാണ് ഇതിന് തെളിവെന്നും പരാശരന്‍ വാദിച്ചു.
ബാബരി ഭൂമിയിലെ രാമവിഗ്രഹം സ്ഥാപിച്ച അകത്തളം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ് നിര്‍മോഹി അഖാറയുടെ വാദം.
1934 മുതല്‍ മുസ്്‌ലിംകളെ അവിടേക്ക് പ്രവേശിപ്പിച്ചിട്ടില്ല, നമസ്‌കാരമോ പ്രാര്‍ഥനയോ നടക്കാത്ത സ്ഥലത്തെ പള്ളിയായി കണക്കാക്കാന്‍ ആവില്ല. അതിനാല്‍ തങ്ങള്‍ക്ക് മാത്രമാണ് അവിടെ ഉടമസ്ഥാവകാശമുള്ളതെന്നും അഖാറ വാദിക്കുന്നു.
അവകാശവാദം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും അത് കത്തിപ്പോയെന്ന മറുപടിയാണ് നിര്‍മോഹി അഖാറയുടെ അഭിഭാഷകന്‍ സുശീല്‍ കുമാര്‍ ജയ്ന്‍ കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എന്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."