ചെറുന്നിയൂര്‍ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക്
വര്‍ക്കല: കാര്‍ഷിക സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടടുക്കുകയാണ് ചെറുന്നിയൂര്‍ പഞ്ചായത്ത്. 2014 ജൂണില്‍ ആരംഭിച്ച കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലാണ് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുന്നത്.
ചെറുന്നിയൂര്‍ പഞ്ചായത്തിന് തരിശ് രഹിത പഞ്ചായത്താക്കുവാനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി ഭവന്റെ പൂര്‍ണ പിന്തുണയാണുള്ളത്. വിവിധ കാര്‍ഷിക പദ്ധതികള്‍ ഇതിനോടകം ആവിഷ്‌കരിച്ച കാര്‍ഷിക കര്‍മസേനാംഗത്തില്‍ 750ല്‍ പരം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട 25 സാങ്കേതിക വിദഗ്ധരുടെ സേവനവും സേനയില്‍ ലഭ്യമാണ്. യന്ത്ര വത്കൃത കൃഷി പരിശീലനം സിദ്ധിച്ചവരാണ് ഇവര്‍. നെല്‍ കൃഷിക്ക് പുറമെ, പച്ചക്കറി കൃഷി, ഇടവിള, ഗ്രോബാഗ് നിര്‍മാണം, കാര്‍ഷിക സേവനങ്ങള്‍, പഞ്ചായത്ത് വക പൊതുമാര്‍ക്കറ്റ്, കാര്‍ഷിക വിപണന കേന്ദ്രങ്ങളുടെ മേല്‍നോട്ട ചുമതല എന്നിവ സമിതി ഏറ്റെടുത്ത് നിര്‍വഹിക്കുന്നു.
വിവിധ പദ്ധതികള്‍ക്കായി 30 ടണ്‍ ജൈവ വളം തദ്ദേശീയമായി ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായത് അഭിമാനര്‍ഹമായ നേട്ടമാണ്. സ്വകാര്യ കൃഷിയിടങ്ങളില്‍ കര്‍മസേന വഴി ലഭ്യമാക്കുന്ന കാര്‍ഷിക സേവനങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി ലഭിക്കുന്നുണ്ട്.
ഒപ്പം കര്‍ഷകര്‍ക്ക് ആവശ്യമായ സസ്യ സംരക്ഷണ വസ്തുക്കള്‍ക്ക് 50 ശതമാനം കിഴിവ് നല്‍കുന്ന സ്വജീവിനി പദ്ധതിയും മാതൃകാപരമാണ്. സ്വന്തമായി കെട്ടിടം, ട്രാക്ടര്‍ ഉള്‍പ്പെടെ വിവിധ കാര്‍ഷിക പദ്ധതികള്‍ വിജയകരമായി പോര്‍ത്തീകരിക്കാനായതായി ചെറുന്നിയൂര്‍ പഞ്ചായത്ത് ഭരണ സമിതി സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."