തൊഴില്‍ സ്ഥലത്തെ പീഡനം പൊലിസിനോടും ലേബര്‍ ഓഫിസറോടും റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്
തിരുവനന്തപുരം: ജോലിയില്‍ നിന്നും യുവതിയെ പിരിച്ചു വിട്ട സംഭവത്തില്‍ വനിതാ കമ്മിഷന് പൊലിസിനോടും ലേബര്‍ ഓഫിസറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മിഷന് ആസ്ഥാനത്ത് നടന്ന മിനി അദാലത്തില്‍ കമ്മിഷന് അംഗം ഷിജി ശിവജിയാണ് റിപ്പോര്‍ട്ട് തേടാന്‍ ആവശ്യപ്പെട്ടത്.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വിദ്യാര്‍ഥികളുടെ ഫീസ് കാണാതായെന്നും അത് എടുത്തെന്ന് ആരോപിച്ചാണ് പിരിച്ചുവിട്ടതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ ആരോപണത്തില്‍ കഴമ്പില്ലെന്നും അകാരണമായി പിരിച്ചു വിടുകയാണുണ്ടായതെന്നും യുവതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റെയില്‍വേ ആശുപത്രിയിലെ പുരുഷ ഡോക്ടര്‍ പീഡിപ്പിച്ചെന്ന കീഴ്ജീവനക്കാരിയുടെ പരാതിയില്‍ കമ്മിഷന് അംഗം ഷാഹിദാ കമാലിന്റെ നിര്‍ദേശ പ്രകാരം വകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടാനും തീരുമാനിച്ചു.
ഈ ഡോക്ടര്‍ക്കെതിരേ നേരത്തെയും പൊലിസിനും കമ്മിഷനും പരാതികള്‍ ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. അദാലത്തില്‍ കുടുംബപ്രശ്നങ്ങളും ഗാര്‍ഹിക പീഡന പരാതികളുമാണ് കൂടുതല്‍ പരിഗണിച്ചത്. കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ മിനി അദാലത്തുകള്‍ തിരുവനന്തപുരത്തെ വനിതാ കമ്മിഷന് ആസ്ഥാനത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അടുത്ത അദാലത്ത് ഈ മാസം 23ന് കമ്മിഷന് ആസ്ഥാനത്ത് തന്നെ നടത്തും. അദാലത്തില്‍ 36 കേസുകള്‍ പരിഗണിച്ചു. പതിമൂന്നെണ്ണം തീര്‍പ്പാക്കി. പതിനേഴ് കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
നാല് കേസുകളില്‍ അന്വേഷണവും രണ്ട് കേസുകളില്‍ കൗണ്‍സലിങ്ങും നടത്താന്‍ തീരുമാനിച്ചു. അദാലത്തിന് കമ്മിഷന് അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുരേഷ്കുമാര്‍, എസ്.ഐ എല്‍. രമ, ലോ ഓഫിസര്‍ പി. വനജ കുമാരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."