നേവി സംഘം കോഴിക്കോട്ട്, മാവൂര്‍ വെള്ളത്തില്‍, ജില്ലയില്‍ മരണം 10
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി വെള്ളക്കെട്ട് ഉണ്ടാകുന്ന പലസ്ഥലങ്ങളിലും കേന്ദ്ര സേന, ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നു. നേവി സംഘം ജില്ലയിലെത്തി. മാവൂര്‍ ഭാഗത്തും പല പ്രദേശങ്ങളും വെള്ളത്തിലാണ്. കോഴിക്കോട് താലൂക്കില്‍ 10 അംഗ നേവി സംഘവും 23 അംഗം എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. കൊയിലാണ്ടിയില്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സും വടകരയില്‍ ബിഎസ്എഫും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ 29 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. മാവൂര്‍, ചാത്തമംഗലം, നല്ലളം, അരീക്കോട് കുണ്ടായിത്തോട്, വേങ്ങേരി, ഒളവണ്ണ, പെരുവയല്‍, പൂളക്കോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉള്ളത്. ഇതില്‍ മാവൂര്‍, വേങ്ങേരി, ഒളവണ്ണ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
കനത്ത മഴ തുടരുമ്പോഴും പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നിവയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും സജീവമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കൊയിലാണ്ടി, മൂടാടി, പുതിയാപ്പ, വെള്ളയില്‍, ബേപ്പൂര്‍, നൈനാംവളപ്പ് തുടങ്ങി ജില്ലയിലെ ഏതാണ്ടെല്ലാ തീരപ്രദേശങ്ങളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കൂടാതെ പോലീസിന്റെ 3 ബോട്ടുകളും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ട്.
മടവൂര്‍ കോട്ടക്കല്‍ കോട്ടക്കാവ് വയല്‍ സ്വദേശി പുഷ്പന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ടോടെ ആണ് സംഭവം. ഇതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ജില്ലയില്‍ 218 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തില്‍ അധികം ആളുകള്‍ ആണുള്ളത്. ക്യാമ്പുകളില്‍ പുല്‍പ്പായ, ബെഡ്ഷീറ്റുകള്‍, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിന്‍സ്, അരി, പഞ്ചസാര, ചെറുപയര്‍, കടല, പരിപ്പ്, ബിസ്‌കറ്റ്/റസ്‌ക്, കുടി വെള്ളം, സോപ്പ്, പേസ്റ്റ്, ഡെറ്റോള്‍, ബ്ലീച്ചിംഗ് പൗഡര്‍, First Aid Kits എന്നിവ ആവശ്യമാണ്. ജില്ലയിലെ കളക്ഷന്‍ സെന്റര്‍ കലക്ടറേറ്റിലെ പ്ലാനിങ് ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിലേക്കാവശ്യമായ അവശ്യസാധനങ്ങള്‍ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രാദേശിക സംഘടനകളുടെയും സന്നദ്ധസേവകരുടെയും സഹായം ആവശ്യമാണ്. സന്നദ്ധ സംഘടനകളുടെ സഹായം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ വകുപ്പിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ഇന്ന് കലക്ടറേറ്റില്‍ ഉച്ചയ്ക്ക് 12ന് ചേരുന്നുണ്ട്.
കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് 60 സെന്റീമീറ്റര്‍ ആക്കിയിട്ടുണ്ട്
ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495 ബ2378810, 2378820, 2378860, 2378870, 2377300,;2373900, 2378300, 2375300, 2377530,2376100
താലൂക്കുകളിലെ ക്യാമ്പുകള്‍
കോഴിക്കോട് 133 ക്യാമ്പുകള്‍, 5729 കുടുംബങ്ങള്‍, 19444 ആളുകള്‍
കൊയിലാണ്ടി 21 ക്യാമ്പുകള്‍, 393 കുടുംബങ്ങള്‍, 1468 ആളുകള്‍
വടകര 42 ക്യാമ്പുകള്‍, 699 കുടുംബങ്ങള്‍, 2592 ആളുകള്‍
താമരശ്ശേരി 22 ക്യാമ്പുകള്‍, 449 കുടുംബങ്ങള്‍, 1524 ആളുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."