' വിഖായ' ക്യാംപ് ഉണര്‍ന്നു; മിനയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവം
മിന: ഹാജിമാര്‍ക്ക് താങ്ങും തണലുമായി മിനയില്‍ വിഖായ പ്രവര്‍ത്തനം സജീവമായി. ഹാജിമാരെ സഹായിക്കുന്നതിനും അവര്‍ക്കുവേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ സഊദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി നൂറുകണക്കിന് വളണ്ടിയര്‍മാരാണ് മിനായിലെ സേവനങ്ങള്‍ക്കായി കര്‍മ്മ രംഗത്തുള്ളത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും സഹകരണത്തോടു കൂടി വിവിധ ബാച്ചുകളില്‍ നിരവധി ഗ്രൂപ്പുകളായി തിരിച്ചാണ് മിനാ താഴ് വരയില്‍ നീലക്കോട്ടുമണിഞ്ഞ് പ്രവര്‍ത്തനത്തിനിറങ്ങിയത്. അറഫ സംഗമത്തിനുശേഷം മുസ്ദലിഫയില്‍നിന്നു മിനയിലെത്തിയ ഹാജിമാര്‍ക്ക് ജംറകളില്‍ കല്ലെറിയാനും വഴിതെറ്റിയ ഹാജിമാരെ അവരുടെ ടെന്റുകളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് വേണ്ട കഞ്ഞിയും മറ്റും വിതരണം ചെയ്യുന്നതിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഹാജിമാര്‍ക്ക് ആശ്വാസമായി. കുറഞ്ഞ കാലയളവിനുള്ളില്‍ ഹജ്ജ് സേവന രംഗത്ത് വിഖായ പ്രവര്‍ത്തകര്‍ കാണിച്ച മാതൃക സഊദി സര്‍ക്കാര്‍ പോലും അഭിനന്ദിച്ചിട്ടുള്ളതാണ്.
ഹാജിമാര്‍ മക്കയില്‍ എത്തിയതു മുതല്‍ മക്കയിലും പരിസരങ്ങളിലും സേവന നിരതരായിരുന്ന വിഖായ സംഘം തമ്പുകളുടെ നഗരിയായ മിനാ താഴ്‌വാരത്താണ് ഇപ്പോള്‍ സേവനത്തിലേര്‍പ്പെട്ടിരിക്കുന്നത്.
ഹാജിമാര്‍ മക്കയില്‍നിന്നു മിനയിലേക്ക് യാത്ര തിരിച്ച വേളയില്‍ ഇവര്‍ക്കൊപ്പം സഹായികളായി വിഖായ കൂടെ കൂടിയിരുന്നു.
മക്കയിലും ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നടക്കുന്ന മറ്റിടങ്ങളിലും ഏറ്റവും വലിയ കാരുണ്യ ഹസ്തമാണ് വിഖായ ഒരുക്കുന്ന ഹജ്ജ് സേവനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ഹാജിമാര്‍ക്ക് ഏറെ കൗതുകവും സൃഷ്ടിക്കുന്നതാണ് വിഖായ ഉള്‍പ്പെടെയുള്ള മലയാളി ഹജ്ജ് സംഘങ്ങളുടെ പ്രവര്‍ത്തനം. ലക്ഷോപലക്ഷം ആളുകള്‍ക്കിടയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കു മാത്രം അതും വിശിഷ്യാ മലയാളി ഹാജിമാര്‍ക്ക് ലഭിക്കുന്ന ഒരു പ്രത്യേക കാരുണ്യ സേവനം കൂടിയാണ് പുണ്യ ഭൂമിയിലെ ഈ സംഘങ്ങള്‍ ചെയ്യുന്നത്.
ഇന്ത്യയില്‍നിന്നു സര്‍ക്കാരിന്റെ ഔദ്യോഗിക ഹജ്ജ് വളണ്ടിയര്‍മാര്‍ ഹാജിമാരുടെ കൂടെ ഓരോ വിമാനത്തിലും വരുന്നുണ്ടെങ്കിലും അവര്‍ക്ക് ഇത്രയും ഹാജിമാരെ നയിക്കുവാനോ നോക്കി നടക്കുവാനോ ഒരിക്കലും സാധ്യമല്ല.
ഇത് പരിഹരിക്കുന്നത് സഊദിയിലെ വിവിധ സംഘടനകള്‍ക്കൊപ്പമാണ് വിഖായ ഈ സേവനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."