ബ്രൂവറി: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
ആലപ്പുഴ: ബ്രൂവറി- ഡിസ്റ്റിലറി അഴിമതിയില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഷണ മുതല്‍ തിരിച്ചേല്‍പ്പിച്ചെന്നു കരുതി കള്ളന്‍ കള്ളനല്ലാതാകുന്നില്ല. ഇക്കാര്യത്തില്‍ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം. ഇതിനായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിനിറങ്ങും.
ബ്രൂവറി അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിപക്ഷ നേതാവിന് എല്ലാവിധ പിന്തുണയും കൊടുക്കും. അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുകയാണ്. പിണറായിയെപ്പോലെ ഭീരുവായ ഒരാളില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. അയോധ്യയെപ്പോലെ ശബരിമലയും യുദ്ധക്കളമാക്കാന്‍ സമ്മതിക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
നേതൃയോഗം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സി.ആര്‍ ജയപ്രകാശ്, അഡ്വ. ബി. ബാബുപ്രസാദ്, പഴകുളം മധു, ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, അഡ്വ. കെ.പി ശ്രീകുമാര്‍, മുന്‍ എം.എല്‍.എമാരായ എ.എ ഷുക്കൂര്‍, അഡ്വ. ഡി. സുഗതന്‍, കെ.കെ ഷാജു, യു.ഡി.എഫ് ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എം. മുരളി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."