'കമ്പിപ്പാലം പുനര്‍നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണം'
തളിപ്പറമ്പ്: ആലക്കോട് പരപ്പ പുഴയ്ക്ക് കുറുകെ നെടുവോട് കുട്ടാപറമ്പ് കമ്പിപ്പാലം പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം കെ.സി ജോസഫ് എം.എല്‍.എയോട് ആവശ്യപ്പെട്ടു.
കമ്പിപ്പാലം കാലപ്പഴക്കം കാരണം ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക കണ്ടെത്താന്‍ ആലക്കോട് പഞ്ചായത്തിന് സാധിക്കാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം ഫ്രാന്‍സിസ് മാലിയില്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. കെ.സി ജോസഫ് എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും ഇതിനാവശ്യമായ തുക വിനിയോഗിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസുകളിലെ പാട്ടുകള്‍ നിയന്ത്രിക്കണമെന്ന പരാതിയില്‍ സ്റ്റീരിയോ സിസ്റ്റം ഉപയോഗിച്ച 13 ബസുകള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ച് 12,000 രൂപ പിഴ ഈടാക്കിയതായി ജോ. ആര്.ടി.ഒ വികസന സമിതി യോഗത്തെ അറിയിച്ചു.
ദേശീയപാതയോരത്ത് ഇരുമ്പ് കമ്പികള്‍ കൂട്ടിയിട്ട് വില്പന നടത്തുന്ന സ്വകാര്യ സ്ഥാപനം അത് നീക്കം ചെയ്യണമെന്ന ദേശീയപാത അധികൃതരുടെ ഉത്തരവ് അനുസരിക്കാത്തതിനാല്‍ ഇരുമ്പ് കമ്പികള്‍ പോലിസിന്റെ സഹായത്തോടെ നീക്കം ചെയ്യുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. ഒടുവള്ളിത്തട്ടില്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത്, പൊലിസ് അധികൃതരോട് യോഗം നിര്‍ദേശിച്ചു. വികസന സമിതി യോഗം കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച മന്ത്രി ഇ. ചന്ദ്രശേഖരനെ യോഗം അഭിനന്ദിച്ചു. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. തഹസില്‍ദാര്‍ എം. മുരളി, തഹസില്‍ദാര്‍(ഭൂരേഖ)കെ. സുജാത, ജില്ലാ പഞ്ചായത്ത് അംഗം ജോയി കൊന്നക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."