കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ മുലയൂട്ടല്‍ കേന്ദ്രം തുറന്നു
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ വനിതകളുടെ വിശ്രമമുറിയില്‍ മുലയൂട്ടല്‍ കേന്ദ്രം ആരംഭിച്ചു.
കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി കാത്തിരിക്കാനും മുലയൂട്ടാനും കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുഇടങ്ങളില്‍ മുലയൂട്ടാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും നിയൊനേറ്റല്‍ ഫോറവും സംയുക്തമായാണ് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി, മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നാലാം ഫഌറ്റ്‌ഫോമിലെ വനിതകള്‍ക്കായുള്ള വിശ്രമകേന്ദ്രത്തിലാണ് മുലയൂട്ടല്‍ കേന്ദ്രം ആരംഭിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ വനിതാ വിശ്രമമുറിയിലാണ് മുലയൂട്ടല്‍ കേന്ദ്രം ആരംഭിച്ചത്. കേന്ദ്രത്തിലെ സൗകര്യങ്ങള്‍ക്കായി കസേരകളും ഫാനും ജില്ലാ സഹകരണ ബാങ്കാണ് അനുവദിച്ചു നല്‍കിയത്.
മാതൃശിശു സംരക്ഷണ പരിപാടിയുടെ ഭാഗമായി അമ്മമാരുടെ ഇടയില്‍ മുലയൂട്ടലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിന് വിവിധ പരിപാടികളാണ് ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് പൊതുസ്ഥലങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ചടങ്ങില്‍ അഡീഷനല്‍ ഡി.എം.ഒ ആശാദേവി, അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഷാജു ലോറന്‍സ്, ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ കെ.പി അജയകുമാര്‍, ഡോ. എ. നവീന്‍, ഡോ. കൃഷ്ണകുമാര്‍, കെ.ടി.ഡി.എഫ്.സി മാനേജര്‍ ഷെറിത്ത്, സി. ദിവ്യ, ഡോ. സി.വി കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."