കശ്മിര്‍ വിഷയത്തില്‍ സുപ്രിംകോടതി; ഒറ്റരാത്രികൊണ്ട് സമാധാനം കൊണ്ടുവരാന്‍ കഴിയില്ല
ന്യൂഡല്‍ഹി: കശ്മിരില്‍ ഒറ്റരാത്രി കൊണ്ട് സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. കശ്മിരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സമയം നല്‍കണമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. ജമ്മുകശ്മിരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരേ തഹ്‌സീന്‍ പൂനെവാല സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍ ഷാ, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
കശ്മിരില്‍ ഇപ്പോഴും ഫോണുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടോയെന്ന് കേസ് പരിഗണിക്കുന്നതിനിടെ അരുണ്‍ മിശ്ര ചോദിച്ചു. വാദത്തിനിടയില്‍ കശ്മിരില്‍ ഗൗരവമുള്ള സാഹചര്യമാണുള്ളതെന്നും വലിയ ക്രമസമാധാന പ്രശ്‌നമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്രകാലത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിനോട് കോടതി ചോദിച്ചു. ഗൗരവമുള്ള സാഹചര്യമാണ് കശ്മിരിലുള്ളതെന്നും അത് ഓരോ ദിവസവും മാറിയും മറിഞ്ഞുമിരിക്കുന്നതായും അറ്റോണി ജനറല്‍ പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നും അറ്റോണി ജനറല്‍ അറിയിച്ചു.
സ്‌കൂളുകളോ ആശുപത്രികളോ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് അവിടെയുള്ളതെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് ഇവയെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഗുരുസ്വാമി ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നായിരുന്നു ഇതിന് അറ്റോണി ജനറലിന്റെ മറുപടി.
കേന്ദ്രത്തിന് സമയം നല്‍കുകയാണെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കണമെന്ന് ഗുരുസ്വാമി ആവശ്യപ്പെട്ടു. അതിന്റെ ആവശ്യമുണ്ടൊയെന്നായിരുന്നു ജസ്റ്റിസ് ഷായുടെ മറുചോദ്യം. ഉണ്ടെന്നും കേന്ദ്രത്തിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ലെന്നും ഗുരുസ്വാമി പറഞ്ഞു.
കശ്മിരികളെ സമ്പൂര്‍ണ പൗരന്‍മാരാക്കാനാണെങ്കില്‍ എന്തിന് അവരെ ഇതുപോലെ സമ്പൂര്‍ണ നിയന്ത്രണത്തിലാക്കണമെന്ന് ഗുരുസ്വാമി ചോദിച്ചു. തുടര്‍ന്ന് കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."