കൊടുവായൂരിലെ വസ്ത്ര വിപണി വിജയത്തിന്റെ പാതയിലാണ്
പാലക്കാട്: പാലക്കാടിന്റെ വാണിജ്യ തലസ്ഥാനമെന്ന പേര് അന്വര്‍ഘമാക്കും വിധം കൊടുവായൂര്‍ നഗരത്തിലെ വസ്ത്ര വിപണി വിജയത്തിന്റെ പാതയിലാണ്. ദാരിദ്രവും തൊഴിലില്ലായ്മയും കൊണ്ട് ഏറെ കാലം കഷ്ടപ്പാടുകള്‍ അനുഭവിച്ച കഥയാണ് കൊടുവായൂരിലെ ജനങ്ങളുടേത്. ഇന്നത് അധ്വാനത്തിന്റെ മധുരമുളള വിജയകഥയായി പരിണമിച്ചിരിക്കുന്നു.
കൊടുവായൂര്‍ നഗരത്തിലെ നൂറില്‍പരം വസ്ത്രശാലകളില്‍ മിക്കവയും മൊത്തവ്യാപാര കേന്ദ്രങ്ങളാണ്. കൊടുവായൂര്‍ നൈറ്റി വിപണി വളരെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ്. കേരളിലെ എല്ലാ ജില്ലകളിലേക്കും ഇവിടെനിന്ന് നൈറ്റി കൊണ്ടുപോകുന്നുണ്ട്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മിക്ക കടകളിലും നൈറ്റികള്‍ക്കു മാത്രമായി വന്‍ വിപണിയാണുള്ളത്. മിക്ക കടകള്‍ക്കും നൈറ്റി തുന്നുന്നതിന് സ്വന്തം യൂനിറ്റുകളുണ്ട്. സ്ത്രീകളാണ് കൂടുതലും നൈറ്റി തുന്നലില്‍ ഏര്‍പെട്ടിരിക്കുന്നതും യൂനിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നതും.
കൊടുവായൂരിലുള്ള കടകളില്‍നിന്ന് മാത്രം നൈറ്റികള്‍ വാങ്ങി വില്‍പന നടത്തുന്ന ചെറുതും വലുതുമായ നിരവധി കച്ചവടക്കാരുണ്ട്. വളരെ കുറഞ്ഞ തുക ഈടാക്കുമ്പോഴും ഗുണമേന്മയുടെ കാര്യത്തിലുളള മുന്‍പന്തിയാണിതിന് കാരണം. നൈറ്റികള്‍ക്കുള്ള തുണികള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ബലോത്ര, ബോംബെ, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നാണെത്തുന്നത്.
കടയുടമകളുടെ ആവശ്യങ്ങളനുസരിച്ച് വിവിധ ഡിസൈനിലും നിറത്തിലുമുള്ള തുണികളാണ് എത്താറുള്ളത്. ഉപഭോക്താക്കളുടെ അഭിരുചികനുസരിച്ചുളള ഡിസൈന്‍ നൈറ്റികള്‍ നിര്‍മിക്കുന്നതാണ് ഇവരുടെ വിപണന തന്ത്രം. ഉപഭോക്താകളുടെ ഇഷ്ടങ്ങളേക്കുറിച്ചുളള വ്യക്തമായ ധാരണ വിപണി മെച്ചപ്പെടുത്താന്‍ കടയുടമകളെ തുണക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ് കൂടുതല്‍ വില്പന നടക്കുന്നത്.ഓരോ ഭാഗങ്ങളിലേക്കും പല തരത്തിലുള്ള നൈറ്റികളാണാവശ്യം. മലപ്പുറം, കോഴിക്കോട് ഭാഗത്തേക്ക് കൈ നീളകൂടുതലുള്ള നൈറ്റികളും, തൃശൂര്‍ ഭാഗത്തേക്ക് സ്ലീവ്‌ലെസ് ടൈപ്പ് നൈറ്റികളുമാണാവശ്യം. സല്‍വാര്‍ ടൈപ്പ് നൈറ്റികള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്ന് കടയുടമകള്‍ പറയുന്നു.
കോളര്‍ മോഡല്‍, ഷര്‍ട്ട് മോഡല്‍, ഫ്രില്‍, ചുരിദാര്‍ മോഡല്‍ എന്നിങ്ങനെ വിവിധ തരത്തിലും മോഡല്‍ നൈറ്റികള്‍ക്ക് ആവശ്യക്കാരേറയുണ്ട്. മറ്റു വസ്ത്രങ്ങളുടെ വിപണിയും വളര്‍ച്ചയിലാണ്. എല്ലാവരേയും ഒരു പോലെ തൃപ്തിപ്പെടുത്താനാവുന്നതാണ് ഇവരുടെ വിജയരഹസ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."