സമ്പൂര്‍ണ്ണ വൈദ്യുതീകരണം: പ്രഖ്യാം മാര്‍ച്ചിലെന്ന് മന്ത്രി
തൃശൂര്‍: അടുത്ത മാര്‍ച്ച് രണ്ടിന് ജില്ലയെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ജില്ലയായി പ്രഖ്യാപിക്കുമെന്ന് വൈദ്യുതിദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതിനായി വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും വൈദ്യുതീകരിക്കാത്ത വീടുകളുടെ കണക്കെടുപ്പ് ആഗസ്റ്റ് എട്ടിന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കളുടെ കരട് പട്ടിക സെപ്റ്റംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 20 ന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. ഗുണഭോക്താക്കളുടെ കണക്കെടുക്കുന്നതിന് കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ സഹകരണം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. കലക്‌ട്രേറ്റില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ വി.രതീശന്‍ കണ്‍വീനറുമായി മോണിറ്ററിങ് സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. അതത് നിയോജക മണ്ഡലത്തിലെ പദ്ധതി സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി ബന്ധപ്പെട്ട എം.എല്‍.എ. മാരുടെ നേതൃത്വത്തില്‍ വിലയിരുത്തേണ്ടതാണെന്ന് യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു. അര്‍ഹരായ എല്ലാവര്‍ക്കും പദ്ധതിയുടെ ഫലംലഭിക്കുന്നതിന് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. തൃശൂര്‍ നഗര സഭ കോര്‍പ്പറേഷന്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനുളള കുടിശ്ശിക നിട്ടപ്പെടുത്തിയ ശേഷം ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുളള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡില്‍ നിന്നുളള തുകയ്ക്ക് പുറമേ എം.എല്‍.എ., എം.പി. ഫണ്ടുകളില്‍ നിന്നുളള തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന വിഹിതവും നീക്കിവെയ്ക്കാവുന്നതാണെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജ്, എം.എല്‍.എ. മാരായ പ്രൊഫ. യു. അരുണന്‍, കെ.വി. അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, വി. ആര്‍. സുനില്‍കുമാര്‍, യു.ആര്‍. പ്രദീപ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയും കെ.എസ്.ഇ.ബി. ചെയര്‍മാനുമായ പോള്‍ ആന്റണി, ജില്ലാ കലക്ടര്‍ വി. രതീശന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."