രായിരനെല്ലൂര്‍ മല കയറ്റം 18ന്
പട്ടാമ്പി: പറയി പെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യ സ്മരണ പുതുക്കി പതിനായിരങ്ങള്‍ 18ന് രായിരനെല്ലൂര്‍ മല കയറും. ഒരു തുലാം ഒന്നിന് നാറാണത്ത് ഭ്രാന്തന് മലമുകളില്‍ ദുര്‍ഗാദേവിയുടെ ദര്‍ശനം ലഭിച്ചെന്ന ഐതിഹ്യപ്പെരുമയാണ് രായിരനെല്ലൂരില്‍ ജനസഹസ്രം ഒഴുകിയെത്തുന്നത്. മലയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെ പ്രഭാതം മുതല്‍ മധ്യാഹ്നം വരെ ഭക്തരും സാഹസിക പ്രേമികളൂം മലയിലേക്ക് പ്രയാണം ചെയ്യും.
സമുദ്രനിരപ്പില്‍നിന്ന് അഞ്ഞൂറ് അടി ഉയരത്തിലുള്ള മലമുകളില്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയ ദുര്‍ഗാ ക്ഷേത്രത്തില്‍ ദര്‍ശനവും നാറാണത്തു ഭ്രാന്തന്റെ പ്രതിമയും വലംവെച്ച് വണങ്ങിയുമാണ് മലയിറക്കം. മലക്ക് പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷവും അന്ന് നടക്കും. ഇവിടെ ഭ്രാന്തന്‍ തപസനുഷ്ടിച്ച് ഒരിക്കല്‍ കൂടി ദുര്‍ഗയെ പ്രത്യക്ഷപ്പെടുത്തിയതായാണ് ഐതിഹ്യം. 25 അടി ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്താചലം.
പാറയില്‍ തുരന്ന മൂന്ന് അറകളും മുകളിലെ കാഞ്ഞിരവും മരത്തിലെ ഇരുമ്പു ചങ്ങലയും പറയുന്നത് നാറാണത്ത് ഭ്രാന്തന്റെ അപദാനങ്ങള്‍ തന്നെ. ചെത്തല്ലൂര്‍ തൂതപ്പുഴയോരത്തായിരുന്നു ഭ്രാന്തന്റെ ജനനം. പിറന്നുവീണ കുഞ്ഞിനെ മറ്റു മക്കളെയെന്ന പോലെ വരരുചിയും പത്‌നിയും ഉപേക്ഷിച്ച് നടന്നു പോയപ്പോള്‍ നാരായണമംഗലത്ത് ഭട്ടതിരിമാരാണ് എടുത്തു വളര്‍ത്തിയത്. വേദ പഠനത്തിന് തിരുവേഗപ്പുറയിലെത്തിച്ച ഭ്രാന്തന്‍ രായിരനെല്ലൂര്‍ മലയിലേക്ക് വലിയ പാറക്കല്ലുകള്‍ ഉരുട്ടിക്കയറ്റി താഴേക്ക് തട്ടിയിട്ട് ആര്‍ത്തു ചിരിച്ചിരുന്നു. അതിനിടെ ഒരു ദിവസം മലമുകളില്‍ ദേവിയെ കണ്ടെന്നാണ് വിശ്വാസം.
ആല്‍മരത്തില്‍ ഊഞ്ഞാലാടുകയായിരുന്ന ദുര്‍ഗാദേവി പ്രാകൃത വേഷ ധാരിയായ നാറാണത്തിനെ കണ്ട് ഭയന്നെന്നും ഊഞ്ഞാലില്‍നിന്നിറങ്ങി ഭൂമിക്കടിയിലേക്ക് അന്തര്‍ദ്ധാനം ചെയ്‌തെന്നും ഐതിഹ്യം. ദേവി നടന്ന പാറയില്‍ ഏഴു കുഴികള്‍ രൂപപ്പെട്ടു. അവയിലൊന്നില്‍ പൂവും കായും വച്ച് പൂജിച്ച് ഭ്രാന്തന്‍ നിവേദ്യം കഴിച്ചു. ഒരു തുലാം ഒന്നിനായിരുന്നു ദിവ്യദര്‍ശനമെന്നതിനാല്‍ ആ ഓര്‍മ പുതുക്കാനാണ് എല്ലാ വര്‍ഷവും ഭക്തര്‍ മല കയറുന്നത്.
ഭ്രാന്തന്റെ വിശേഷമറിഞ്ഞ ചെത്തല്ലൂര്‍ ഭട്ടതിരിമാര്‍ രായിരനെല്ലൂരില്‍ വന്ന് താമസമാക്കുകയും ക്ഷേത്രം പണിത് പൂജ തുടരുകയും ചെയ്തു. പിന്മുറക്കാരനായ ആമയൂര്‍ മന മധു ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലാണ് മല സംരക്ഷിച്ചു വരുന്നത്. കൊപ്പം-വളാഞ്ചേരി പാതയില്‍ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളില്‍ നിന്നാണ് മല കയറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."