പശുഭീകരതയുടെ ഇര പെഹ്‌ലുഖാനെ കൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോ തെളിവല്ലെന്ന് കോടതി
ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ക്ഷീരകര്‍ഷകന്‍ പെഹ്ലുഖാനെ സംഘ്പരിവാര്‍ അക്രമികള്‍ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. കേസിലെ ആറുപ്രതികളെയും വെറുതെവിട്ട് രാജസ്ഥാനിലെ ആല്‍വാര്‍ കോടതിയാണ് ഇന്നു വൈകീട്ടോടെ വിധി പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്താന്‍ തക്ക തെളിവല്ലെന്നു പറഞ്ഞാണ് കോടതിയുടെ നടപടി. വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ ഓം യാദവ് (45), ഹുകും ചന്ദ് യാദവ് (44), സുധീര്‍ യാദവ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സൈനി (24) എന്നിവരെയാണ് വെറുതെവിട്ടത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച തുടങ്ങിയ വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെവിടുന്നതെന്നും കോടതി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെയാണ് കോടതി വിസ്തരിച്ചത്. ഈ മാസം ഏഴിന് കേസിന്റെ വിചാരണയും പൂര്‍ത്തിയായി ഇന്നേക്കു വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ആറുപേര്‍ക്കു പുറമെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേര്‍ പ്രായപൂര്‍ത്തിയെത്താത്തവരാണ്. നിലവില്‍ ഈ മൂന്നുപേരുടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലാണ്.
2017 ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ കന്നുകാലി ചന്തയില്‍ നിന്ന് പശുക്കളെയും വാങ്ങി ഹരിയാനയിലേക്ക് പോകുകയായിരുന്ന പെഹ്ലുഖാനെയും സംഘത്തെയും അല്‍വാറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. സംഭവത്തിന്റെ തുടക്കംമുതലേ കേസ് തേച്ചുമാച്ചു കളയാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്.
ന്യൂഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയിലെ ആല്‍വാര്‍ ജില്ലയിലുള്ള ബെഹ്‌റോറില്‍ വച്ചായിരുന്നു ആക്രമണം. ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഹരിയാനയിലെ മെവാത് സ്വദേശിയായ പെഹ്‌ലുഖാന്‍ ആക്രമണം നടന്ന് രണ്ടാംദിവസം ആശുപത്രിയില്‍ മരിച്ചു. ക്ഷീരകര്‍ഷകനായ പെഹ്ലുഖാന് പശുവിനെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ രേഖകളും ഉണ്ടായിരുന്നു. കേസ് തുടക്കം മുതല്‍ അട്ടിമറിക്കാനാണ് അന്ന് സംസ്ഥാനം ഭരിച്ച ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. അക്രമികളെ കുറിച്ച് മരണമൊഴിയില്‍ പെഹ്ലുഖാന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അവരെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു പൊലിസ്. പുറമെ സാക്ഷികളെ വകവരുത്താനും ശ്രമമുണ്ടായി.
ഇതിന് പുറമെ പ്ഹ്ലു ഖാനെ മരണശേഷം പ്രതിയാക്കി രാജസ്ഥാന്‍ പൊലിസ് കുറ്റപത്രവും സമര്‍പ്പിച്ചു. പെഹ്‌ലു ഖാനെ പശുമോഷ്ടാവായി ചിത്രീകരിക്കുന്ന കുറ്റപത്രത്തില്‍, മക്കളായ ഇര്‍ഷാദ് ഖാനെയും ആരിഫ് ഖാനെയും പ്രതിചേര്‍ത്തിരുന്നു.
Pehlu Khan lynching case verdict: Rajasthan court acquits all six accused
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."