റോഡരികില്‍ നിന്നവരെ അസഭ്യം പറഞ്ഞ പൊലിസുകാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു
കരുനാഗപ്പള്ളി: വീടിനു മുന്നിലെ റോഡരികില്‍ നിന്നവരെ അനാവശ്യമായി തെറിവിളിച്ച സിവില്‍ പൊലിസ് ഓഫീസറെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പ്രകോപനപരമായി പെരുമാറിയ ഇയാളെ പൊലിസെത്തിയാണ് മോചിപ്പിച്ചത്. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. പട്ടാള ഉദ്യോഗസ്ഥനായ അനില്‍കുമാര്‍ തന്റെ വീടിനു മുന്നിലെ റോഡരികില്‍ സുഹൃത്തായ പ്രസാദുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം ഓച്ചിറ വില്ലേജ് ഓഫിസര്‍ ബിജു കുടുംബസമേതം ഇതുവഴി വന്നപ്പോള്‍ സുഹൃത്തുക്കളായ ഇവരുടെ സമീപത്തേക്ക് കാര്‍ ഒതുക്കിനിര്‍ത്തി സംസാരിക്കുന്നതിനിടെ ഇതുവഴി കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ജയചന്ദ്രന്‍ ടൂവീലറില്‍ വരികയും, ബൈക്ക് കടന്ന് പോകുവാന്‍ സ്ഥലമുണ്ടായിട്ടും വണ്ടി എടുത്ത് മാറ്റാനാവശ്യപ്പെട്ട് ആക്രോശിക്കുകയും തെറി വിളിക്കുകയുമായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ജയചന്ദ്രന്‍ താന്‍ പൊലിസുകാരനാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെയാണ് സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് പൊലിസെത്തി നാട്ടുകാരുമായി സംസാരിച്ചതിന് ശേഷം ഇയാളെ മോചിപ്പിക്കുകയായിരുന്നു. സമന്‍സുമായെത്തിയതാണ് താനെന്നും കല്ലടയിലാണ് വീടെന്നും നാട്ടുകാര്‍ ആവശ്യമില്ലാതെ പ്രശ്‌നമുണ്ടാക്കിയതാണെന്നും പൊലിസുകാരന്‍ പറഞ്ഞു. വീടിനു മുന്നില്‍ നിന്ന തങ്ങളെ അസഭ്യം പറഞ്ഞ പൊലിസുകാരനെതിരേ ഉന്നതങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ് അനില്‍കുമാറും സുഹൃത്തുക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."