ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം: കലാമണ്ഡലം രംഗകലാ മ്യൂസിയം അടഞ്ഞ് തന്നെ
ചെറുതുരുത്തി: എട്ട് കോടി രൂപ ചിലവഴിച്ച് കേരള കലാമണ്ഡലം കല്ലിത സര്‍വ്വകലാശാലയില്‍ പണി തീര്‍ത്ത ദക്ഷിണേന്ത്യന്‍ രംഗ കലാ മ്യൂസിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷം മൂന്നായിട്ടും ലോകത്തിന് മുന്നില്‍ കേരളീയ കലാ സംസ്‌ക്കാരത്തെ പരിചയപ്പെടുത്താന്‍ കഴിയുന്ന ബൃഹദ് പദ്ധതി അവഗണനയുടെ പടുകുഴിയില്‍.
2016 ഫെബ്രുവരിയിലാണ് രംഗകലാ മ്യൂസിയത്തിന്റെ ഉദ്ഘാടനം നടന്നത്. നാല്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പണി തീര്‍ത്ത കെട്ടിടത്തില്‍ കേരളത്തിന്റെ വാസ്തുശില്‍പ്പ മാതൃക മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രംഗകലയുടെ എല്ലാ വിധ വേഷങ്ങളും അനുബന്ധ സാമഗ്രികളും മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡിജിറ്റല്‍ ലൈബ്രറിയും ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും റിസര്‍ച്ച് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലമാണ് കേരളത്തിന്റെ വാസ്തുശില്‍പ്പ മാതൃകയിലുള്ള ഈ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
2012 സെപ്തംബര്‍ 12നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് രംഗകലാ മ്യൂസിയത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്. നാലു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ ഭരണമാറ്റം സംഭവിച്ചതോടെ എല്ലാം തകിടം മറിഞ്ഞു.
വര്‍ഷം മൂന്ന് പിന്നിട്ടിട്ടും മ്യൂസിയം തുറന്ന് കൊടുക്കുന്നതില്‍ ചെറുവിരലനക്കാന്‍ പുതിയ ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതു തികഞ്ഞ ഭരണപരാജയവും നാണക്കേടുമാവുകയാണ്. ഭരണ സമിതി അംഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് വഴക്കും തമ്മില്‍ തല്ലും മാത്രമാണ് കലാ മണ്ഡലത്തില്‍ നടക്കുന്നതെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."