കശ്മിരിനുവേണ്ടി യുദ്ധം ചെയ്യാന്‍ പാകിസ്താന്‍ തയാറെന്ന് ഇമ്രാന്‍ഖാന്‍
മുസഫറാബാദ്: കശ്മിരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ തന്റെ രാഷ്ട്രം തയാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കശ്മിര്‍ താഴ്‌വരയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മുസ്‌ലിംകള്‍ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സര്‍ക്കാര്‍ തന്ത്രപരമായ അബദ്ധമാണ് കശ്മിരില്‍ ചെയ്തതെന്നു പറഞ്ഞ പാക് പ്രധാനമന്ത്രി, മോദി അവസാനത്തെ കളിയാണ് കളിക്കുന്നതെന്നും അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു. പാകിസ്താന്‍ സ്വാതന്ത്ര്യദിനമായ ഇന്നലെ പാക് അധീന കശ്മിരില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം സ്വയം നിര്‍ണയാവകാശത്തിനുള്ള കശ്മിരികളുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
താന്‍ കശ്മിരിന്റെ ബ്രാന്‍ഡ് അംബാസഡറായിരിക്കുമെന്നും എല്ലാ ആഗോളവേദിയിലും കശ്മിര്‍ പ്രശ്‌നം ഉന്നയിക്കുമെന്നും ഖാന്‍ വ്യക്തമാക്കി. ആര്‍.എസ്.എസിനെ ശക്തമായി വിമര്‍ശിച്ച ഇമ്രാന്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ ചൂണ്ടിക്കാട്ടി. മുസ്‌ലിംകള്‍ ഭയത്തോടെയാണവിടെ കഴിയുന്നതെന്ന് പറഞ്ഞു.
20 വര്‍ഷമായി ഭീകരതയ്‌ക്കെതിരേ ശക്തമായി പോരാടുന്ന പാക് ജനത സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പാകിസ്താന്‍ സൈന്യവും ജനങ്ങളും ഒറ്റക്കെട്ടാണെന്നും രാജ്യത്തിനെതിരായ ആക്രമണങ്ങളെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും ഇമ്രാന്‍ഖാന്‍ പാക് അധീന കശ്മിര്‍ നിയമസഭയെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഇത്തവണത്തെ സ്വാതന്ത്ര്യദിനം കശ്മിര്‍ ഐക്യദാര്‍ഢ്യദിനമായും ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15 കരിദിനമായും ആചരിക്കുമെന്ന് പാകിസ്താന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."