ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തികകളില്‍ ഒഴിവുണ്ടായിട്ടും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പരാതി. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ മെല്ലെപ്പോക്ക്.
ഒഴിവുകളുണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുമ്പോഴും ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ആരോപണം. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 2014ലാണ് പി.എസ്.സി ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 1,600 പേരുള്‍പ്പെട്ട പട്ടികയില്‍നിന്ന് ഇതിനകം 200ല്‍ താഴെ പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇതിന്റെ കാലാവധിയാണ് 30ന് അവസാനിക്കുക.
ജൂനിയര്‍ വിഭാഗത്തില്‍ 35ഉം സീനിയര്‍ വിഭാഗത്തില്‍ 41 ഉം ഒഴിവുകളുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. കൂടാതെ പുതിയ തസ്തിക സൃഷ്ടിക്കേണ്ട 16 സീനിയര്‍ ഒഴിവുകളും 12 ജൂനിയര്‍ ഒഴിവുകളുമുണ്ട്. നിലവിലെ പട്ടികയിലുള്ള ഭൂരിഭാഗം പേരും 40 വയസിന് മുകളിലുള്ളവരായതിനാല്‍ ഇനിയൊരു പരീക്ഷയെഴുതാന്‍ സാധിക്കാത്തവരാണ്.
തസ്തികമാറ്റം വഴിയുള്ള സ്ഥാനക്കയറ്റത്തിനായി ഒഴിവുകള്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്നാണ് ആരോപണം. ഇതുസംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു.
വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കടക്കം നിരവധി നിവേദനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."