വായു മലിനീകരണം: ഡല്‍ഹിയില്‍ പ്രതിരോധ നടപടികള്‍ തുടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന മേഖലയില്‍ (എന്‍.സി.ആര്‍) ശൈത്യകാലം തുടങ്ങുന്നതോടെയുണ്ടാകാറുള്ള വായു മലിനീകരണം തടയുന്നതിനു പ്രതിരോധ നടപടികള്‍ തുടങ്ങി. സ്ഥിതിഗതികള്‍ വിലയിരുത്തി ഘട്ടംഘട്ടമായാണ് കര്‍മപരിപാടികള്‍ നടപ്പാക്കുക.
വേനല്‍ക്കാലത്തിന്റെ അവസാനമായ ഈ സമയത്തു സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതും കരിമ്പുപാടം തീയിടുന്നതും വഴിയുള്ള പുകപടലങ്ങള്‍ തങ്ങിനില്‍ക്കുന്നതാണ് പ്രധാനമായും വായു മലിനീകരണത്തിനു കാരണം. ദീപാവലിക്കുള്ള പടക്കം പൊട്ടിക്കല്‍കൂടിയാകുന്നതോടെ മലിനീകരണം അതിഭീകരമാകും. 2016ല്‍ ഇതു കാഴ്ചശേഷിയെ ബാധിക്കുന്നതരത്തില്‍ എത്തിയിരുന്നു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഡീസല്‍ ജനറേറ്ററുകള്‍, നിര്‍മാണപ്രവൃത്തികള്‍ എന്നിവ നിരോധിക്കുകയും മലിനീകരണത്തിനിടയാക്കുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളാണ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജി.ആര്‍.എ.പി) ആണ് ഇത്തവണയും നടപ്പാക്കുക. ഇതിന്റെ ഭാഗമായി നഗരത്തില്‍ ജനറേറ്ററുകള്‍ക്കും മാലിന്യം കത്തിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി.
അവശ്യസാധനങ്ങളുമായി എത്തുന്നവ ഒഴികെയുള്ള ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നതു നിരോധിക്കും. കാറുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു പുറമേ നിര്‍മാണപ്രവൃത്തികളും നിര്‍ത്തിവയ്ക്കും. സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു കര്‍മസേനയ്ക്കു രൂപംനല്‍കും. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം ഈ കര്‍മസേനയാണ് സ്വീകരിക്കുക.
വായു മലിനീകരണം കൂടുതലായാല്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് നാലിരട്ടിയാക്കും. പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കുന്നതിനാണിത്. റോഡുകളില്‍ വെള്ളം തളിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമുണ്ടാകും. തെരുവുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പുതിയ സംവിധാനം നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."