അജ്ഞാതരോഗം; മത്സ്യങ്ങള്‍ക്കു പിന്നാലെ ആമയും ചത്തൊടുങ്ങുന്നു
ഹരിപ്പാട്: കുട്ടനാടന്‍ ജലാശയങ്ങളില്‍ ആമകള്‍ ചത്തൊടുങ്ങുന്നു. അജ്ഞാതരോഗത്താല്‍ മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഇടവേളക്കുശേഷമാണ് ഇപ്പോള്‍ നൂറ്റാണ്ടുകളോളം ആയുസുള്ള ആമകള്‍ ചത്തൊടുങ്ങുന്നത്.
ആമയെ പിടിക്കലും വിപണനം നടത്തലും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടനാടന്‍ കള്ളുഷാപ്പുകളിലും, ഹോട്ടലുകളിലും, ഹോംസ്റ്റേകളിലും, ഹൗസ്‌ബോട്ടുകളിലും ഇഷ്ടഭോജ്യമാണ് ആമ ഇറച്ചികള്‍. ആമകളില്‍ ബാധിച്ച അജ്ഞാത രോഗമാണ് ആമ ഇറച്ചി ഭക്ഷണത്തില്‍ നിന്നും പുറത്താകുന്നതിന്റെ പ്രധാനകാരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആമപിടുത്തവും വിപണനവും നടക്കുന്നത്. കിലോക്ക് 350രൂപയോളം വിലവരും ആമയിറച്ചിക്ക്. കരയാമ, വെളുത്താമ എന്നീരണ്ട് തരത്തിലുള്ള ആമകളാണ് ഇവിടെ സുലഭമായി ലഭിക്കുന്നത്.
കുളങ്ങളിലോ, പാടശേഖരങ്ങളിലോ വെള്ളത്തിന്റെ സാമീപ്യമുള്ള സ്ഥലങ്ങളിലോ ആണ് വന്യജീവിയുടെ പട്ടികയില്‍പ്പെടുന്ന ഉരഗവര്‍ഗത്തില്‍പ്പെട്ട ആമകളെ കണ്ടുവരുന്നത്.
ആമകള്‍ക്കുണ്ടാകുന്ന അജ്ഞാതരോഗം കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പടരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്. കൈനകരി, ചമ്പക്കുളം, നെടുമുടി, എന്നിവിടങ്ങളില്‍ ജൂലൈമാസങ്ങളില്‍ അജ്ഞാതരോഗത്താല്‍ ആമകള്‍ ചത്തൊടുങ്ങിയിരുന്നു. എന്നാല്‍ ഈ ആഴ്ചകളിലാണ് ചെറുതന ,പള്ളിപ്പാട്, വീയപുരം നിരണം, എടത്വ, തലവടി, നീരേറ്റുപുറം, തകഴി, എന്നിവിടങ്ങളില്‍ നിരവധി ആമകള്‍ ചത്തൊടുങ്ങിയത്. പാടശേഖരങ്ങളുടെ ഓരത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടെതോടെയാണ് അഴുകിയനിലയില്‍ ആമകളെനാട്ടുകാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാരാരിക്കുളം വടക്ക്പഞ്ചായത്തിലും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലുമാണ് ഏറ്റവും കൂടുതല്‍ ആമകള്‍ ചത്തുപൊങ്ങിയത്. ഈ പ്രദേശങ്ങളില്‍ ജന്തുശാസ്ത്ര വിദ്യാര്‍ഥികളുടേയുംപ്രകൃതി സ്‌നേഹികളുടേയും സഹായത്തോടെ ഫീല്‍ഡ് സര്‍വേയും കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ അനുവാദത്തോടെ മൃഗ ഡോക്ടര്‍മാരും പഠനങ്ങള്‍ക്ക് സ്വയം തയാറായി വന്നിരുന്നു. ആമയിറച്ചികഴിച്ച ഇതരജീവികള്‍ ചത്തത് ജനങ്ങളില്‍ ഭീതിപരത്തുന്നുണ്ട്.
തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോറട്ടറിയില്‍ അയച്ച ചത്ത ആമയെ പരിശോധിച്ചെങ്കിലും മാംസം അഴുകിയതിനാല്‍ ഫലം കണ്ടെത്താനായില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് നിന്നു കണ്ടെത്തിയ രോഗം ബാധിച്ച രണ്ട് ആമകളില്‍ ഒന്ന് നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. എന്നാല്‍ ആമയെ ശീതീകരിക്കാതെ തിരുവല്ല വരെ കൊണ്ടുപോയതാണ് കൂടുതല്‍ അഴുകി പോകാന്‍ കാരണം. മാംസം അഴുകാത്ത നിലയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു എത്തിക്കാന്‍ ജില്ലാ വനംവകുപ്പിന് സാധിച്ചില്ലെന്നവിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ജലാശയങ്ങളിലെ മലിനീകരണമാണ് ആമകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്നും വിവരമുണ്ട്. എന്നാല്‍ ശുദ്ധജലത്തിലും ആമകള്‍ ചത്തു പൊങ്ങുന്നതും നിത്യസംഭവമാണെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടനാട്ടില്‍ പക്ഷിപ്പനികാരണം ലക്ഷകണക്കിന് താറാവുകളും, കോഴികളും ചത്തൊടുങ്ങിയിരുന്നു.
അതുപോലെ മത്സ്യങ്ങള്‍ക്ക് അഴുകല്‍ രോഗവുംപിടിപെട്ടിരുന്നു. പുല്ല്,പഴം, ഇല, ചെറുമീനുകള്‍ എന്നിവ ഭക്ഷിക്കുന്നആമകള്‍ ഉപദ്രവകാരികളല്ല. ഔഷധ ഗുണമുള്ള ഇറച്ചിയാണിതിന്റേത്. വംശനാശഭീഷണി നേരിടുന്ന ആമകളെ സംരക്ഷിക്കാനും രോഗകാരണംഎന്തെന്നറിയുന്നതിനും ബന്ധപ്പെട്ടവര്‍ നടപടിസ്വീകരിച്ച് ജനങ്ങളുടെ ഭീതി അകത്തണമെന്നാവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."