വിരുന്നെത്തി തെളിനീലക്കടുവ
ഉരുവച്ചാല്‍: ഷിംജിത്തിന്റെ കൃഷിതോട്ടത്തിലെത്തിയ ചിത്രശലഭങ്ങള്‍ പ്രകൃതിസ്‌നേഹികളുടെ മനം കവരുന്നു.
തില്ലങ്കേരി കാഞ്ഞിരാട്ടെ ജൈവ കര്‍ഷകനായ ഷിംജിത്തിന്റെ കൃഷിയിടത്തിലാണ് അപൂര്‍വ ചിത്രശലഭങ്ങള്‍ വിരുന്നെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ കാണുന്ന തെളിനീലക്കടുവ ചിത്രശലഭങ്ങളാണിത്. മലമുകളിലും വനങ്ങളിലുമാണ് ഇവയെ സാധാരണ കണ്ടുവരാറുള്ളത്.
പശ്ചിമഘട്ട മലനിരകളിലും മറ്റും കണ്ടുവരുന്ന ഇവ ആദ്യമായാണ് ഇവിടെ എത്തുന്നത് വിവിധ ഇനം ഔഷധ ചെടികളും പച്ചക്കറികളും പഴവര്‍ഗങ്ങളും നടീല്‍ വസ്തുക്കളും ഉള്‍പ്പെടെയുള്ള ഷിംജിത്തിന്റെ കാര്‍ഷിക തോട്ടം കാണാന്‍ നിത്യേനെ നിരവധി ആളുകളാണെത്തിയത്. ശലഭങ്ങളുടെ കൂട്ടത്തോടെയുള്ള കാഴ്ചയും സന്ദര്‍ശകര്‍ക്ക് വിരുന്നാവുകയാണ്. കോരിച്ചൊരിയുന്ന മഴയത്തും പറന്നു ഉല്ലസിക്കുന്ന ഈ ശലഭത്തിന് വേനല്‍ചൂട് സുഖകരമല്ല.വെയില്‍ചൂട് കൂടുന്നതോടെ
ഇവ ഉള്‍ കാടുകളിലേക്ക് ഉള്‍വലിയും. കൂട്ടമായി വള്ളിച്ചെടികളും മരച്ചില്ലകളിലും ഇരുന്ന് വിശ്രമിക്കാറുണ്ട്. അരിപ്പൂവിന്റെ തേനാണ് ഇവയുടെ മുഖ്യാഹാരം. ഇതിന്റെ പുറം ചിറകിന് ഇരുണ്ട തവിട്ടു നിറമാണ്. തവിട്ടു നിറത്തില്‍ നീലകലര്‍ന്ന പുള്ളികളും വരകളും കാണാം. ഈ വരകളും പുള്ളികളും മങ്ങിയ ചില്ലുപോലെ സുതാര്യമാണ്. അതുകൊണ്ടാണ് ഈ പൂമ്പാറ്റയെ ഇംഗ്ലീഷില്‍ ഗ്ലാസ് ബ്ലൂ ടൈഗര്‍ എന്ന് വിളിക്കുന്നത് .ചിറകിന്റെ അടിവശത്ത് കൂടുതല്‍ തെളിഞ്ഞ വരകളും പുള്ളികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."