ട്രോളന്മാര്‍ക്ക് പൊങ്കാലയിടാന്‍ കാഞ്ഞങ്ങാട്ടെ സീബ്രാ ലൈനും
കാഞ്ഞങ്ങാട്: സമൂഹ മാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ക്കു പൊങ്കാലയിടാന്‍ കാഞ്ഞങ്ങാട്ടെ സീബ്രാ ലൈനും. വിവിധ സാമൂഹ്യ വിഷയങ്ങളില്‍ പൊങ്കാലയിട്ട് ബന്ധപ്പെട്ടവരെ വെള്ളം കുടിപ്പിക്കുന്ന ട്രോളന്മാരാണ് കാഞ്ഞങ്ങാട്ടെ തലതിരിഞ്ഞ സീബ്രാ ലൈനും വിഷയമാക്കിയത്.
ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ കാഞ്ഞങ്ങാട്ട് പാത നവീകരണത്തിന്റെ ഭാഗമായി നഗരത്തെ രണ്ടായി വിഭജിച്ചിരുന്നു. പാത നവീകരണം കഴിഞ്ഞ ശേഷം പാതയോരത്തെ ഫുട്പാത്തിനു സമീപത്തായി സ്ഥാപിക്കാന്‍ തയാറാക്കിയ ഇരുമ്പ് വേലി നഗരത്തിലെ വ്യാപാരികളുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് പാതയുടെ നടുവിലുള്ള ഡിവൈഡറില്‍ സ്ഥാപിച്ചു.
നഗരത്തില്‍ ഒരു കിലോമീറ്ററോളം നീളത്തില്‍ ഇരുമ്പുവേലി സ്ഥാപിച്ചതോടെ നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിപ്പെടണമെങ്കില്‍ ദീര്‍ഘ ദൂരം നടന്നു തിരികെ വരേണ്ട അവസ്ഥയായിരുന്നു. ഇതേ തുടര്‍ന്ന് നഗരത്തിലെത്തുന്ന ആളുകളും വാഹനങ്ങളും കടുത്ത ദുരിതം പേറിയിരുന്നു. ഇതിനിടെ ഡിവൈഡറില്‍ സ്ഥാപിച്ച തെരുവ് വിളക്ക് കാലിനിടയില്‍ കൂടി ആളുകള്‍ ഒരുവിധത്തില്‍ റോഡ് മുറിച്ചു കടക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പ്രസ്തുത വിടവും ഒരാഴ്ച മുന്‍പ് അടച്ചതോടെ നഗരത്തിലെത്തിയ ആളുകള്‍ നഗരം ചുറ്റേണ്ട അവസ്ഥയിലായി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ചില ഭാഗങ്ങളില്‍ അധികൃതര്‍ സീബ്രാ ലൈന്‍ വരച്ചു ആളുകള്‍ക്ക് പാത മുറിച്ചു കടക്കാന്‍ സൂചന സ്ഥാപിച്ചത്.
ഇതേ തുടര്‍ന്ന് പാത മുറിച്ചു കടക്കാനെത്തിയ ആള്‍ പാതയിലെ ഡിവൈഡറിലെത്തിയപ്പോഴാണ് മറുകണ്ടം കടക്കാനാവാതെ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് ഇയാള്‍ അധികൃതര്‍ സ്ഥാപിച്ച കമ്പി വേലി ചാടി കടക്കുകയായിരുന്നു. പ്രസ്തുത സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളന്മാര്‍ക്ക് ചാകരയായത്.
സീബ്രാലൈനില്‍ കൂടി മറുകരയെത്താന്‍ ശ്രമിക്കുന്ന ആളുകള്‍ താഴോട്ടു നോക്കി നടന്നാല്‍ തിരികെ പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ എത്തുമെന്ന സൂചനയും ട്രോളര്‍മാര്‍ പോസ്റ്റിയ പടത്തില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."