ബാബരി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു ആരാധനാലയത്തിന് മുകളിലാണെങ്കില്‍ തെളിയിക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു ആരാധനാലയത്തിന് മുകളിലാണെന്ന് തെളിയിക്കാന്‍ രാംലല്ലയുടെ അഭിഭാഷകനോട് സുപ്രിം കോടതി. ബാബരി മസ്ജിദ് നിര്‍മിച്ചത് ഒഴിഞ്ഞ കൃഷിഭൂമിയിലല്ലെന്നും അതിനടിയില്‍ മറ്റൊരു കെട്ടിടമുണ്ടായിരുന്നുവെന്നും രാംലല്ലയുടെ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ വാദിച്ചപ്പോഴായിരുന്നു തെളിയിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അംഗങ്ങളിലൊരാളായ ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടത്. അടിയിലൊരു കെട്ടിടമുണ്ടായിരുന്നുവെന്നത് സമ്മതിച്ചു. എന്നാല്‍ അത് മറ്റൊരു മതത്തിന്റെ ആരാധനാലയമാണെന്ന് തെളിയിക്കണമെന്ന് ബെഞ്ചിലെ മറ്റൊരംഗമായ ബോബ്‌ഡെയും ആവശ്യപ്പെട്ടു.
ബാബരി ഭൂമിക്കടിയിലുള്ള കെട്ടിടത്തിന്റെ പില്ലറുകളുടെ അവശിഷ്ടത്തിന് ക്ഷേത്രങ്ങളുടെ ഘടനയാണെന്നായിരുന്നു ഇതിന് വൈദ്യനാഥന്റെ വാദം. പള്ളികള്‍ക്ക് ഇത്തരത്തില്‍ തൂണുകളുണ്ടാകാറില്ല. അവിടെ നമസ്‌കാരം നടന്നിരുന്നുവെന്ന് വച്ച് അത് പള്ളിയാകില്ലെന്ന് വാദത്തിന്റെ തുടക്കത്തില്‍ വൈദ്യനാഥന്‍ ചൂണ്ടിക്കാട്ടി. നമസ്‌കാരം തെരുവിലും ആകാം. എന്നാല്‍ അത് പള്ളിയാവില്ല. പള്ളിക്കുള്ളില്‍ നിന്ന് കിട്ടിയതെന്ന അവകാശപ്പെട്ട ചില വസ്തുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അത് പൂജാ സാമഗ്രികളാണെന്ന് വൈദ്യനാഥന്‍ വാദിച്ചു. അതിന്റെ കാര്‍ബണ്‍ ഡേറ്റിങ് (പുരാവസ്തുക്കളുടെ കാലഗണനാ പരിശോധന) നടത്തിയതാണോ എന്ന കോടതിയുടെ ചോദ്യത്തിന് നടത്തിയിട്ടുണ്ടെന്ന് വൈദ്യനാഥന്‍ പറഞ്ഞു.
ഇതിനിടയില്‍ ഇടപെട്ട സുന്നി വഖ്ഫ് ബോഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കാര്‍ബണ്‍ ഡേറ്റിങ് ജൈവ വസ്തുക്കള്‍ക്കാണ് നടത്താനാവുകയെന്ന് ചൂണ്ടിക്കാട്ടി. കാര്‍ബണ്‍ അംശമുള്ള എല്ലുകള്‍ പോലുള്ളവയ്ക്കാണ് ഇത് നടത്താന്‍ കഴിയുക.
കല്ലുകള്‍ക്കോ ഇരുമ്പിനോ കാര്‍ബണ്‍ ഡേറ്റിങ് നടത്താന്‍ കഴിയില്ലെന്നും ധവാന്‍ പറഞ്ഞു. അതിനടിയില്‍ ഉണ്ടായിരുന്നത് ബുദ്ധക്ഷേത്രമായിരിക്കാമെന്ന വാദം ശരിയല്ലെന്നും രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും വൈദ്യനാഥന്‍ തുടര്‍ന്ന് വാദിച്ചു. നദീതീരങ്ങളില്‍ കെട്ടിടങ്ങള്‍ പൊളിച്ചും പണിതുമല്ലേ നാഗരികതകള്‍ രൂപം കൊണ്ടതെന്ന് ഇതിനിടെ ഇടപെട്ട് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."