കശ്മിരില്‍ നിയന്ത്രണങ്ങള്‍ നീക്കല്‍; സര്‍ക്കാരിന് കുറച്ചുകൂടി സമയം നല്‍കാമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കശ്മിരിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാരിന് കുറച്ചുകൂടി സമയം നല്‍കാമെന്ന് സുപ്രിം കോടതി. 370 ാം വകുപ്പ് നീക്കിയതും കശ്മിരിലെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുമുള്ള ഹരജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഈ പരാമര്‍ശം നടത്തിയത്.
കശ്മിരിലെ പ്രശ്‌നങ്ങള്‍ ലളിതമായി വരികയാണെന്നും ജമ്മു കശ്മിര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ ഫോണില്‍ വിളിച്ചെന്നും ബെഞ്ചിലെ മറ്റൊരംഗമായ എസ്.എ ബോബ്്‌ഡെ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ഏതാനും പേരുടെ ലാന്റ് ലൈന്‍ ഫോണുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹരജിക്കാരിയായ കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബായ്‌സിനു വേണ്ടി ഹാജരായ അഭിഭാഷക വൃന്ദാ ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
370 ാം വകുപ്പ് എടുത്തു കളഞ്ഞതിനെ ചോദ്യം ചെയ്തുള്ള ഹരജികള്‍ തിരുത്തി നല്‍കാന്‍ ഹരജിക്കാര്‍ക്ക് കോടതി അനുമതി നല്‍കി. അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ഹരജിയില്‍ നിരവധി പോരായ്മകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അരമണിക്കൂറെടുത്തു വായിച്ചിട്ടും എനിക്കൊന്നും മനസിലായില്ല.
ഈ ഹരജി തള്ളേണ്ടതാണ്. എന്നാല്‍ മറ്റു ഹരജികളെ ബാധിക്കുമെന്നതിനാല്‍ അത് ചെയ്യുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തങ്ങള്‍ ഹരജി തെറ്റുകള്‍ തിരുത്തി നല്‍കിയതായി 370 ാം വകുപ്പ് നീക്കിയതിനെ ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചവരിലൊരാളായ കശ്മിരി അഭിഭാഷകന്‍ ഷാക്കിര്‍ ഷമീര്‍ ചൂണ്ടിക്കാട്ടി. സമര്‍പ്പിക്കപ്പെട്ട നാല് ഹരജികളിലും തെറ്റുകളുണ്ടെന്നും തിരുത്തണമെന്നുമായിരുന്നു കോടതിയുടെ മറുപടി.
കശ്മിരില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തടസമില്ലെന്ന് അനുരാധ ബായ്‌സിന്റെ ഹരജിയില്‍ വാദം നടത്തവെ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ജമ്മുവില്‍ നിന്ന് കശ്മിരി ടൈംസ് പ്രസിദ്ധീകരിക്കുന്നുണ്ട്. ശ്രീനഗറില്‍ നിന്ന് എന്തുകൊണ്ട് പ്രസിദ്ധീകരിച്ചു കൂടായെന്നും വേണുഗോപാല്‍ ചോദിച്ചു.
സുരക്ഷാ ഏജന്‍സികളെ വിശ്വസിക്കണമെന്നും സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പത്രക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമെങ്കിലും കിട്ടിയാല്‍ നന്നായിരുന്നുവെന്ന് വൃന്ദാഗ്രോവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."