ദേശാടനപക്ഷികള്‍ക്കു വാസമൊരുക്കി പാളയംഗ്രാമം
വടക്കഞ്ചേരി: ദേശാടനപക്ഷികള്‍ക്കു വാസമൊരുക്കുന്ന നാടാണ് വടക്കഞ്ചേരി ടൗണിനടുത്തുള്ള പാളയം ഗ്രാമം. വിവിധയിനം ദേശാടന പക്ഷികളുടെ ഇടത്താവളമാണ് ഈ പ്രദേശം. കൊക്കിനത്തില്‍പ്പെട്ടവയാണ് ഇപ്പോള്‍ കൂടുതല്‍. കൊക്കെന്ന് പറഞ്ഞാല്‍ ഇവ ചെറുതൊന്നുമല്ല. രണ്ടുംമൂന്നും കിലോ തൂക്കംവരുന്ന പെണ്‍മയിലിന്റെ വലുപ്പമുള്ള വമ്പന്മാര്‍. ഓരോ സീസണിലും മാറിമാറി വരും ഈ പക്ഷിക്കൂട്ടങ്ങള്‍. ഇപ്പോള്‍ വന്നു കൂടിയവരാണ് കൊക്ക് ഭീമന്‍ന്മാര്‍. നീണ്ടു വളഞ്ഞ കറുത്ത കൊക്കും വെള്ളത്തൂവലുകളുമായി ദൂരകാഴ്ച തന്നെ മനോഹരമാണ്. വവ്വാല്‍, കാക്ക എന്നിവക്ക് പുറമെയാണ് കൊക്ക് പടകള്‍ പ്രദേശത്ത് നിറയുന്നത്.
അഭയാര്‍ത്ഥി ക്യാമ്പ് പോലെയാണ് ഇവിടുത്തെ തെങ്ങിന്‍ മണ്ടകള്‍. മണ്ടയുടെ കൊരലിലാണ് ഇവ താത്കാലിക കൂടൊരുക്കുന്നത്. ഇതില്‍ മുട്ടയിടുന്നവരും മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളുമൊക്കെയായി കലപില ശബ്ദമാണ്. ചിലപ്പോള്‍ മുട്ടയും കുഞ്ഞും താഴേയ്ക്കും വീഴും.
കാഴ്ചയ്ക്ക് കാണാന്‍ ചന്തമുണ്ടെങ്കിലും ഇവിടുത്തെ താമസക്കാരുടെയും കര്‍ഷകരുടെയും ദുരിതം ചെറുതല്ല. ഉയരമുള്ള വൃക്ഷങ്ങളൊന്നും ഇവിടെ പിടിപ്പിക്കാനാവില്ല. അങ്ങനെ ഏതെങ്കിലും മരമുണ്ടെങ്കില്‍ അതിലെല്ലാം കൊക്ക് കൂട്ടമുണ്ടാകും.
ഇവയുടെ കാഷ്ഠം വീണാല്‍ പച്ചിലപോലും കരിഞ്ഞുപോകും. അസിഡിറ്റി കൂടുതലാണത്രെ ഇവയുടെ കാഷ്ഠത്തിന്. കടുത്ത ദുര്‍ഗന്ധവുമുണ്ടാകും. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി. മരങ്ങളെല്ലാം വെള്ളപുതച്ച മട്ടിലാണ് ഇവയുടെ കാഷ്ഠം നിറഞ്ഞു മൂടികിടക്കുന്നത്. കാട്ടാനയെ പേടിച്ച് മലയോരവാസികള്‍ വാഴ വെട്ടിനശിപ്പിക്കുന്നതുപ്പോലെയാണ് ഇവിടുത്തുകാര്‍ ദേശാടന പക്ഷികളെ അകറ്റാന്‍ വീട്ടുമുറ്റത്തെ മാവ് ഉള്‍പ്പെടെയുള്ളവ വെട്ടിനീക്കുന്നത്.
കൂട്ടിലെ കുഞ്ഞുങ്ങളുടെ തീറ്റയ്ക്കായി കൊണ്ടുവരുന്ന ജലജീവികളുടെ അവശിഷ്ടങ്ങള്‍ താഴെ വീണുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേറെ. കിണറുകളെല്ലാം ഉപയോഗശൂന്യമാകുന്ന സ്ഥിതി.
വൈകുന്നേരമായാല്‍ കൊക്ക്, കാക്ക തുടങ്ങി പക്ഷി പടകള്‍ കൂടണയാന്‍ എത്തുന്ന തിരക്ക്. സന്ധ്യ മയങ്ങിയാല്‍ ഇരതേടാന്‍ പറക്കുന്ന വവ്വാല്‍ കൂട്ടങ്ങള്‍. നല്ല വലിപ്പമുള്ള വവ്വാലുകളാണ് ഇവിടുത്തെ റബര്‍ തോട്ടത്തിലെ താമസക്കാര്‍.
പതിറ്റാണ്ടുകളായി പാളയം പറവകളുടെ നാടാണ്. എന്തുകൊണ്ടാണ് വിദേശയിനം പക്ഷികള്‍വരെ ഇവിടെ എത്തുന്നുവെന്നതിന് വ്യക്തമായ ഉത്തരമില്ല. ഇവിടെ വളഞ്ഞൊഴുകുന്ന പുഴയുണ്ട്. കുറച്ച് വടക്കോട്ട് നീങ്ങിയാല്‍ രണ്ടുപുഴകളുടെ സംഗമ സ്ഥാനമുണ്ട്. സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു ചുറ്റുമുള്ള ഇവിടെ ജനസാന്ദ്രതയും കൂടുതലാണ്. ഇവിടുത്തെ മനുഷ്യരുടെ സ്‌നേഹകൂടുതലും കരുതലും കൊണ്ടാണ് പക്ഷികള്‍ പാളയത്തെ സുഖവാസകേന്ദ്രമായി തെരഞ്ഞെടുത്തതെന്ന വാദവുമുണ്ട്. എന്തായാലും പാളയം പറവകള്‍ക്ക് പറുദീസയാകുമ്പോള്‍ എല്ലാം സഹിച്ച് പക്ഷികളെ ഉപദ്രവിക്കാതെ ഇവിടെ കഴിയുന്ന മനുഷ്യരെ സമ്മതിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."