മനുഷ്യന്‍ പ്രകൃതിയില്‍നിന്നകലുന്നു: മന്ത്രി
കാസര്‍കോട്: പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കേണ്ട മനുഷ്യര്‍ പ്രകൃതിയില്‍നിന്നും അകലുകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ബേഡഡുക്ക കൊളത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ജില്ലാതല സമാപനവും ആട് ഫാമിനായൊരു പ്ലാവിന്‍തോട്ടം പദ്ധതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും തലമുറയ്ക്കുകൂടി ഉപയോഗിക്കേണ്ടതാണ് ഭൂമി എന്ന ചിന്തയില്ലാതെ പ്രകൃതിയെ സംരക്ഷിക്കുന്നതിനു പകരം നശിപ്പിക്കുകയാണ് മനുഷ്യന്‍. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തലമുറകള്‍ അങ്ങനെ ചെയ്തതുകൊണ്ടാണു നമുക്ക് പ്രകൃതി വിഭവങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ ഇന്ന് മനുഷ്യന്റെ സ്വാര്‍ഥതയും ആര്‍ത്തിയും പ്രകൃതിയെ നശിപ്പിക്കുകയാണ്.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല സമാപനവും ആട് ഫാമിനായി പ്ലാവിന്‍ തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും ഒരുമിച്ചായത് നന്നായെന്നും ആടിന് പ്ലാവില ഭക്ഷണമായും മനുഷ്യനു ചക്കയും ഒരുമിച്ച് ലഭിക്കുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകതയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ഭാഗമായി കൊളത്തൂര്‍ ജി.എല്‍.പി സ്‌കൂളിന് സമീപത്താണ് ആയിരം പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷയായി.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ. രമണി, അംഗങ്ങളായ എം. ശാന്തകുമാരി, എം. സുകുമാരന്‍, എ. മാധവന്‍, വി. ദിവാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍, ജോണ്‍ അലക്‌സ്, കെ. വിനോദ് കുമാര്‍, ജോഷി ജോസഫ്, കെ.എം കരുണാകര ആല്‍വ, സി. വിനു, കെ. ബാലകൃഷ്ണന്‍, സി. മുരളീധരന്‍, എം. അനന്തന്‍, ഡോ. ടിറ്റോ ജോസഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."