ശബരിമല: ഓര്‍ഡിനന്‍സിലൂടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാനാവില്ല; വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയുടെ വിധി മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനാണ് ശ്രമം. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സാമൂഹ്യപരിഷ്‌കരണ നടപടികള്‍ക്കും അതാത് കാലത്ത് യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മാറുമറക്കാനുള്ള അവകാശം നേടിയെടുത്തപ്പോഴും അതിനെതിരെ സമരം നടന്നിട്ടുണ്ട്. മാറുമറച്ച സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറാന്‍ പോലും തയ്യാറായി മാറുമറക്കാത്ത സ്ത്രീകള്‍ മുന്നോട്ടുവന്നു. എന്നാല്‍ ചരിത്രം അവര്‍ക്കൊപ്പമല്ല നിന്നത്- പിണറായി പറഞ്ഞു.
ആചാരങ്ങള്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണഗുരുവും പഠിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടി സമരവും ആചാരലംഘനങ്ങളായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇത്തരം ദുരാചാരങ്ങളെല്ലാം മാറിയത്. അതിന് ശക്തമായ തുടര്‍ച്ചയിവിടെയുണ്ടായി. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനവും ഈ നവോത്ഥാനധാരയെ ഉള്‍ക്കൊണ്ടു മുന്നോട്ടുപോയതാണ് ഈ നാടിനെ മാറ്റിയത്.
ഇപ്പോള്‍ സുപ്രിം കോടതി വിധിയുടെ പേരില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും കേസ് നടക്കുന്ന ഘട്ടത്തില്‍ കേസില്‍ കക്ഷി ചേരാന്‍ തയ്യാറായിരുന്നില്ല. സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. സുപ്രിം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണ്. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയെ ഓര്‍ഡിനന്‍സ് കൊണ്ട് മറികടക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."