ശശി തരൂര്‍ പറഞ്ഞ ആ നല്ല വിശ്വാസികള്‍
ബാബരി മസ്ജിദിനെക്കുറിച്ചും രാമക്ഷേത്രത്തെക്കുറിച്ചും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിക്കുന്നതില്‍ ഒട്ടുമില്ല അത്ഭുതം. ബാബരി മസ്ജിദ്- രാമജന്മഭൂമി വിഷയത്തില്‍ വര്‍ഗീയവികാരം ഇളക്കിവിട്ടു വര്‍ഷങ്ങളായി അതിന്റെ ഫലം കൊയ്തുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ മുഖത്തേറ്റ വലിയൊരു പ്രഹരം തന്നെയാണു തരൂരിന്റെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ ഈ വിഷയത്തില്‍ വര്‍ഗീയവികാരമിളക്കിവിട്ടു നേട്ടം കൊയ്യാന്‍ ബി.ജെ.പി വീണ്ടും കോപ്പുകൂട്ടുന്നതിനിടയിലാണ് അദ്ദേഹത്തിന് ഇങ്ങനെ പറയേണ്ടിവന്നതെന്നതു ശ്രദ്ധേയമാണ്.
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തു രാമക്ഷേത്രം പണിയണമെന്നു നല്ല ഹിന്ദുക്കള്‍ ഒരിക്കലും ആഗ്രഹിക്കില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ അടിസ്ഥാന സാമൂഹ്യപശ്ചാത്തലമെന്നുമാണ് ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞത്. നൂറുശതമാനവും ശരിയാണിത്. ബി.ജെ.പി കുത്തിയിളക്കി വിടുന്നതല്ല യഥാര്‍ഥ ഹിന്ദുത്വം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജന്മമെടുത്ത വ്യത്യസ്ത ദര്‍ശനങ്ങളെ കൂടാതെ ഇവിടേയ്ക്കു കടന്നുവന്ന മറ്റു വിശ്വാസപ്രമാണങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിച്ച ചരിത്രമാണു ഹൈന്ദവസംസ്‌കാരത്തിനുള്ളത്. അത്തരമൊരു സംസ്‌കാരത്തിന് ഇതരവിശ്വാസപ്രമാണങ്ങളോടു ശത്രുതയോ അസഹിഷ്ണുതയോ പുലര്‍ത്താനാവില്ലെന്നുറപ്പാണ്.
ഹിന്ദുക്കളുടെ മാത്രം കാര്യമല്ലിത്. അന്യരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തെറിഞ്ഞ് അവിടെ സ്വന്തം ആരാധനാലയം പണിയാന്‍ രാജ്യത്തെ ഏതു മതത്തിലും പെട്ട യഥാര്‍ഥ വിശ്വാസികള്‍ ആഗ്രഹിക്കുന്നില്ലെന്നതാണു സത്യം. ഇതര മതക്കാര്‍ക്ക് ആരാധനാലയങ്ങള്‍ പണിയാന്‍ ഭൂമി വിട്ടുനല്‍കിയ ഒരുപാടു നല്ല മനുഷ്യര്‍ ജീവിച്ച രാജ്യമാണിതെന്ന യാഥാര്‍ഥ്യം സംഘ്പരിവാര്‍ നേതാക്കള്‍ ബോധപൂര്‍വം അവഗണിക്കുന്നുണ്ടെങ്കിലും ഇവിടെയുള്ള സാധാരണമനുഷ്യര്‍ അതെല്ലാം ഓര്‍ക്കുന്നുണ്ട്. ആ ഓര്‍മയെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ വല്ലാതെ ഭയപ്പെടുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു വരുംദിവസങ്ങളില്‍ ബി.ജെ.പി വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പിനു മുമ്പായി വര്‍ഗീയകലാപങ്ങളുണ്ടാകുമെന്നു താന്‍ ഭയപ്പെടുന്നുണ്ടെന്നും കൂട്ടത്തില്‍ തരൂര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭയം അസ്ഥാനത്തല്ലെന്നും രാജ്യത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാബരി മസ്ജിദിന്റെ പേരിലടക്കം രാജ്യത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ സൃഷ്ടിച്ച വര്‍ഗീയകലാപങ്ങളിലൂടെ ഇന്ത്യന്‍ സമൂഹത്തിലുണ്ടായ ചേരിതിരിവും വിദ്വേഷവും ഉപയോഗപ്പെടുത്തിയാണു ബി.ജെ.പി കേന്ദ്രാധികാരത്തിലേയ്ക്കു വളര്‍ന്നത്. ഒരുകാലത്തു ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഒതുങ്ങിനിന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദേശീയനേതൃത്വത്തിലേക്കു ചുവടുകള്‍ വയ്ക്കാന്‍ സഹായിച്ചതു ഗുജറാത്ത് കലാപമായിരുന്നുവെന്നതും ഒരു യാഥാര്‍ഥ്യമാണ്. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ തരൂരിനുള്ള ഭയം രാജ്യത്തെ എല്ലാ സമാധാനപ്രേമികള്‍ക്കുമുണ്ട്.
തരൂര്‍ ഇങ്ങനെയൊക്കെ പറഞ്ഞതു ബി.ജെ.പിയോടോ നാട്ടിലെ സാധാരണക്കാരോടോ മാത്രമല്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തോടു കൂടിയാണെന്നും കരുതാവുന്നതാണ്. സംഘ്പരിവാറിന്റെ വര്‍ഗീയ, ജനവിരുദ്ധ ഭരണം രാജ്യത്ത് അരക്ഷിതത്വവും ഭീതിയും സൃഷ്ടിച്ച ഈ സവിശേഷസാഹചര്യത്തില്‍ ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ ഉറ്റുനോക്കുന്നതു രാജ്യത്തിന്റെ മതേതരമുഖമെന്നു കരുതപ്പെടുന്ന കോണ്‍ഗ്രസിലേക്കാണ്.
സംഘ്പരിവാര്‍ ഭരണത്തെ തകര്‍ത്തെറിയുകയെന്ന ചരിത്രപരമായ കടമ നിര്‍വഹിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ചില നീക്കങ്ങളും അത്രയൊന്നും ആശാവഹമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് ഹിന്ദുത്വ കാര്‍ഡ് ഇറക്കിക്കളിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കൈവിട്ടുപോയേക്കാനിടയുള്ള ഈ കളിയുടെ ഫലം ബി.ജ.പി തന്നെ കൊയ്യാന്‍ സാധ്യതകളേറെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെക്കുറിച്ചു ഗൗരവത്തോടെ തന്നെ ചിന്തിക്കേണ്ടതുണ്ട്.
മാത്രമല്ല വര്‍ഗീയതയെ നേരിടാന്‍ വര്‍ഗീയ കളികളിലൂടെ സംഭരിച്ചെടുക്കുന്ന ശക്തി ഭാവിയില്‍ വിനയാകാനുമിടയുണ്ട്. ഈ രാഷ്ട്രീയം കണ്ടു പാര്‍ട്ടിയിലേയ്ക്കു പുതുതായെത്തുന്നവര്‍ ഭാവിയില്‍ പാര്‍ട്ടിയുടെ പ്രാദേശികനയങ്ങളെ സ്വാധീനിച്ചേക്കാനുള്ള സാധ്യതയേറെയാണ്. അതൊഴിവാക്കാതെ മതേതര നയങ്ങളുമായി പാര്‍ട്ടിക്കു മുന്നോട്ടുപോകാനാവില്ല. അവിടെയാണു ശശി തരൂര്‍ ചൂണ്ടിക്കാട്ടിയ 'നല്ല ഹിന്ദുക്കളുടെ' പിന്തുണ പ്രസക്തമാകുന്നത്. ഒരുകാലത്ത് അത്തരക്കാരും അവരെപ്പോലെത്തന്നെ വിശ്വാസാചാരങ്ങളില്‍ നന്മ പുലര്‍ത്തുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവരുമൊക്കെയായിരുന്നു കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ. ഇന്നും അവരൊക്കെ ചേരുന്ന ജനതയാണ് ഇന്ത്യയില്‍ ഭൂരിപക്ഷം.
പല കാരണങ്ങളാല്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികള്‍ അത്തരമാളുകളുടെ പിന്തുണ നഷ്ടപ്പെടുത്തിയതാണ് അവരനുഭവിക്കുന്ന ക്ഷീണത്തിനു കാരണം. മതേതരമനസും സഹിഷ്ണുതയുമുള്ള എല്ലാ മതവിഭാഗങ്ങളിലെയും നല്ല മനുഷ്യരുടെ പിന്തുണ വീണ്ടെടുക്കണമെന്നാണു വര്‍ത്തമാനകാല സാഹചര്യം കോണ്‍ഗ്രസടക്കമുള്ള എല്ലാ മതേതര കക്ഷികളോടും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."