കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
മീനങ്ങാടി: പനമരം മീനങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു.
മീനങ്ങാടി ജങ്ഷനില്‍ പനമരം റോഡിലാണ് പ്രവര്‍ത്തകര്‍ അരമണിക്കുറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മീനങ്ങാടി മുതല്‍ പാലക്കമൂല വരെയുള്ള ഭാഗത്തെ ഇതുവരെയും യാതൊരു നവീകരണപ്രവൃത്തിയും നടത്തിയിട്ടില്ല. ഇതിനാല്‍ തന്നെ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. നാളെറെയായിട്ടും റോഡ് നന്നാക്കുന്നതില്‍ പൊതുമരാമത്ത് വിഭാഗം അനാസ്ഥ കാണിക്കുകയാണെന്നും റോഡ് നന്നാക്കാന്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വഴി തടയുന്നതുള്‍പെടെയുള്ള സമരമാര്‍ഗം സ്വീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. രാവിലെ 11ഓടെ ടൗണില്‍ പ്രകടനം നടത്തിയ ശേഷമാണ് റോഡ് ഉപരോധിച്ചത്. 11.45ഓടെയാണ് ഉപരോധ സമരം പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചത്. ഉപരോധ സമരത്തെതുടര്‍ന്ന് അരമണിക്കുറോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ തിരിച്ചുവിട്ട് പൊലിസ് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
മീനങ്ങാടിയില്‍ നിന്നും ചെണ്ടക്കുനിവരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. താല്‍കാലികമായെങ്കിലും റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കണമെന്നും തുടര്‍ന്നുള്ള റോഡ് നവീകരണം വേഗത്തിലാക്കണമെന്നുമാണ് ആവശ്യം. കഴിഞ്ഞദിവസം റോഡിലെ കുഴിയല്‍ വീണ് ലോറി കുടുങ്ങിയ സംഭവം വരെയുണ്ടായി. കൂടാതെ കുഴികള്‍ക്കൊപ്പം ടൗണില്‍ കുടിവെള്ള പൈപ്പ് കൂടി പൊട്ടിയതോടെ യാത്ര കൂടുതല്‍ ദുരിതമായിരിക്കുകയാണിപ്പോള്‍. ഉപരോധ സമരം
ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി വര്‍ഗീസ് അധ്യക്ഷനായി. വി.എം വിശ്വനാഥന്‍, പി.കെ തോമസ്, എം.ജി ബേബി, കെ ജയപ്രകാശ്, പി.ജി സുനില്‍, വി.ആര്‍ ഷാജി, പി.ഡി ജോസഫ് സംസാരിച്ചു. മനോജ് ചന്ദനക്കാവ്, അനീഷ്, മിനി സാജു, ഉഷ, ശോഭന, രാധാകൃഷ്ണന്‍, സുനില്‍, ജോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."