370ാം അനുച്ഛേദത്തെ ഭീകരര്‍ മറയാക്കിയിരുന്നതായി രവിശങ്കര്‍ പ്രസാദ്
കശ്മിരിലെ ജനങ്ങളുടെ ക്ഷേമം കൂടി മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ 370ാം അനുച്ഛേദം റദ്ദാക്കിയത്
നാഗ്പൂര്‍ : ജമ്മുകശ്മിരിന് നല്‍കിയിരുന്ന പ്രത്യേക പരിഗണന റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മുകശ്മിരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി എന്തുകൊണ്ടും ഉചിതമായ നടപടിയാണ്. ഈ അധികാരത്തെ മറയാക്കിയാണ് ഭീകരരും അവരുടെ സംരക്ഷകരും കശ്മിരില്‍ അക്രമം നടത്തിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ താല്‍പര്യം മാത്രമല്ല കശ്മിരിലെ ജനങ്ങളുടെ ക്ഷേമം കൂടി മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ 370ാം അനുച്ഛേദം റദ്ദാക്കിയത്. നാഗ്പൂരില്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ 17ാം അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്. 370ാം അനുച്ഛേദം താല്‍ക്കാലികമായിരുന്നുവെന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇത് എടുത്തുകളഞ്ഞതെന്നും ജനങ്ങള്‍ തിരിച്ചറിയണം. രാജ്യ സുരക്ഷയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജമ്മുകശ്മിര്‍ പുരോഗതിയിലേക്ക് എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 370ാം അനുച്ഛേദം റദ്ദാക്കിയതും ഈ സംസ്ഥാനത്തെ ജമ്മുകശ്മിര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതെന്നും നിയമ മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."