വൈകിയെത്തി, മാനുവലിനെ തേടി അംഗീകാരം
എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ച് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് പുരസ്‌കാര നിര്‍ണയ സമിതി നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളിയായ ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക്ക് അറിഞ്ഞതു ബംഗളൂരുവില്‍ നിന്ന്.
കണ്ണൂര്‍ പയ്യാമ്പലം പള്ളിയാംമൂലയില്‍ കടലോരത്ത് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീട്ടില്‍ പ്രളയത്തില്‍ വെള്ളംകയറിയതിനെ തുടര്‍ന്നു ബംഗളൂരുവിലെത്തി മകളുടെ അടുത്ത് കഴിയുകയാണ് എക്കാലവും അവഗണിക്കപ്പെട്ട കേരളത്തിന്റെ സ്വന്തം ഒളിംപ്യന്‍. പുരസ്‌കാരത്തിനു നിര്‍ദേശിച്ച വിവരം രാവിലെ പുറത്തുവന്നയുടന്‍ മാനുവലിനെ തേടി നിലയ്ക്കാത്ത അഭിനന്ദ പ്രവാഹമായിരുന്നു. പ്രളയത്തിനിടെ ചുമ പിടിപെട്ടതിനെ തുടര്‍ന്നു ഭാര്യയ്‌ക്കൊപ്പം ചികിത്സയ്ക്കു കൂടിയാണു മാനുവല്‍ മകളുടെ അടുത്തേക്ക് എത്തിയത്.
'പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ദൈവത്തിനു നന്ദി. കേരളത്തിലെ എല്ലാ കായിക താരങ്ങള്‍ക്കും തന്റെ നന്ദിയെന്നും മാനുവല്‍ സുപ്രഭാതത്തോടു പറഞ്ഞു'.
ഗോള്‍മുഖത്തെ കടുവ' എന്നറിയപ്പെട്ടിരുന്ന മാനുവല്‍ ഫ്രെഡറിക്ക്, 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചു വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു. മ്യൂണിക്കില്‍ വെങ്കലം നേടിയ ടീമിലെ എട്ടുപേര്‍ക്കു രാജ്യം അര്‍ജുന അവാര്‍ഡും രണ്ടുപേര്‍ക്കു പത്മഭൂഷണും നല്‍കിയപ്പോള്‍ മാനുവലിനു മാത്രം യാതൊരു ബഹുമതിയും ലഭിച്ചിരുന്നില്ല. കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്, ബര്‍ണശ്ശേരി ബി.ഇ.എം. യു.പി സ്‌കൂള്‍ ടീമില്‍ 11-ാം വയസില്‍ ഹോക്കി ടീമില്‍ അംഗമായതോടെയാണു കരിയര്‍ ആരംഭിക്കുന്നത്.
ഫുട്‌ബോളിനോടുള്ള കമ്പം പതിയെ ഹോക്കിയിലേക്കു മാറുകയായിരുന്നു. സ്‌കൂള്‍ കാലം കഴിഞ്ഞ് മിലിട്ടറിയില്‍ ചേര്‍ന്നതോടെയാണു ദേശീയ ടീമില്‍ എത്തിയത്.
16 ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ ടൈ ബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും മാനുവലിനു സ്വന്തമാണ്. ഏഴുവര്‍ഷം ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ മാനുവല്‍, രണ്ടു ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പറായി. ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും കടുത്ത അവഗണനയായിരുന്നു മാനുവലിനോട് അധികാരികള്‍ക്ക്.
ബംഗളൂരുവില്‍ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന മാനുവല്‍ ഫ്രെഡറിക്കിനു 38 ലക്ഷം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ഇരുനില വീട് കഴിഞ്ഞ ജൂണ്‍ 29നാണു കൈമാറിയത്. വീട് തന്നെയാണു തനിക്കു ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമെന്നായിരുന്നു അന്നു മാനുവലിന്റെ ഇടറിയ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."