രാമായണം ടൂറിസ്റ്റ് സര്‍ക്യൂട്ടുമായി രാമേശ്വരത്തേക്ക് ശ്രീലങ്കയുടെ ഫെറി സര്‍വിസ്
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാമായണം ടൂറിസം സര്‍ക്യൂട്ടുമായി ശ്രീലങ്ക. കൊച്ചിയില്‍ നടന്ന ശ്രീലങ്കന്‍ ടൂറിസം റോഡ്‌ഷോയില്‍ രാമായണം ടൂറിസം സര്‍ക്യൂട്ടിന്റെ അവതരണം ശ്രീലങ്കന്‍ ടൂറിസം വികസന മന്ത്രി ജോണ്‍ അമരതുംഗ നിര്‍വഹിച്ചു.
ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് ഫെറി സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ ഇതിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ ഫെറി സര്‍വിസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരത്തിന് ശ്രീലങ്ക കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് വിസ കൂടാതെ ശ്രീലങ്ക സന്ദര്‍ശിക്കാനുള്ള സൗകര്യം ഈ മാസം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നുമുതല്‍ ഇത് നിലവില്‍വന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഹോട്ടല്‍ പാക്കേജില്‍ 50 ശതമാനം ഇളവ് ഈ സീസണില്‍ നല്‍കുന്നുണ്ട്. വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ചാര്‍ജ് ഗണ്യമായി കുറച്ചു. അതിഥികള്‍ക്ക് ഏറ്റവുമധികം സൗജന്യങ്ങള്‍ നല്‍കുന്ന രാജ്യമാണ് ശ്രീലങ്കയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."