രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം കൊച്ചിയില്‍ എട്ടു മുതല്‍
കൊച്ചി: രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം(ഐസിടിടി2017) ജൂണ്‍ എട്ടു മുതല്‍ പത്തുവരെ നടക്കും. ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ ജൂണ്‍ ഒന്‍പതിനു രാവിലെ ഒന്‍പതുമണിക്ക് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
എംഎല്‍എ ഹൈബി ഈഡന്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടര്‍ ശ്രീ ബാലകിരണ്‍ എന്നിവരുള്‍പ്പെടെ ടൂറിസം രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ടൂറിസം വ്യവസായത്തിന്റെ ഓണ്‍ലൈന്‍ വളര്‍ച്ചയുമായി ബന്ധപ്പെട്ട 24 വ്യത്യസ്ത വിഷയങ്ങളില്‍ പതിനഞ്ച് രാജ്യാന്തര വിദഗ്ധര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും.
നൂതനസാങ്കേതിക വിദ്യാസംവിധാനങ്ങള്‍ ടൂറിസം വളര്‍ച്ചയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ ടൂര്‍ ഓപറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ട് ഉടമകള്‍, ഹോം സ്റ്റേകള്‍, എസ്ഇഒ(സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍) കമ്പനികള്‍, സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങള്‍, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനികള്‍, ബ്ലോഗര്‍മാര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ആതിഥേയരായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്റെ (അറ്റോയ്)പ്രസിഡന്റ് പി.കെ. അനീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ വളര്‍ച്ച ഒരു കാലത്ത് ടൂറിസം മേഖലയ്ക്ക് കടുത്ത വെല്ലുവിളിയായാണ് കണക്കാക്കി കൊണ്ടിരുന്നത്. എന്നാല്‍ ഐസിടിടിയുടെ വരവോടെ ഈ വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നും അനീഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി www.icttindia.org, www.facebook.com/ictt2017 സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."