നയതന്ത്ര, അയല്‍പക്ക കരാറുകള്‍ ഖത്തര്‍ ലംഘിച്ചെന്നു സഊദി ക്യാബിനറ്റ്
റിയാദ്: ഖത്തറിനെതിരെ ഉപരോധവുമായെത്തിയ നടപടിക്ക് പൂര്‍ണ പിന്തുണയുമായി സഊദി ക്യാബിനറ്റ് പ്രമേയം പാസാക്കി. സഊദിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന രാജ്യം കൂടിയായ ഖത്തര്‍ അയല്‍പക്ക സൗഹൃദത്തിന് പുറമെ സഖ്യരാജ്യത്തിലെ അംഗമെന്ന നിലയില്‍ നയതന്ത്ര കരാറുകളും ലംഘിച്ചെന്നു ക്യാബിനറ്റ് ആരോപിച്ചു. കുറച്ചു കാലമായി ഈ ലംഘനം തുടരുകയാണ്. രാജ്യത്തിനകത്തു കടന്ന് കയറി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഛിദ്ര ശക്തികള്‍ക്കെതിരെ ഖത്തറിന്റെ ഭാഗത്തു നിന്നും സഹായകരമായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും സഊദി ആരോപിച്ചിട്ടുണ്ട്.
ഖത്തര്‍ നടത്തുന്ന ഇത്തരം പ്രവണതക്കെതിരെ ഉയര്‍ന്നു വന്ന അറബ് ഐക്യമാണ് ഖത്തര്‍ ഒറ്റപ്പെടാന്‍ കാരണമെന്നും ക്യാബിനറ്റ് അഭിപ്രായപ്പെട്ടു. അതേസമയം, ഖത്തറുമായി ഉടലെടുത്ത പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥ ശ്രമം നടത്തുന്ന കുവൈത് സഊദി രാജാവ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. കുവൈത് ഭരണാധികാരി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഇതിനായി ചൊവ്വാഴ്ച്ച സഊദിയിലേക്ക് തിരിക്കുമെന്നു ഗള്‍ഫ് അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌ന പരിഹാരത്തിനായി കുവൈത്ത് ശക്തമായ ഇടപെടലുകളാണ് നടത്തി കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."